ഇടുക്കി : കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ മയക്ക് മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. വണ്ടന്മേട് പഞ്ചായത്ത് അംഗമായ സൗമ്യ സുനിൽ (35) ആണ് അറസ്റ്റിലായത്. ഭർത്താവ് സുനിലിന്റെ വാഹനത്തിൽ മാരക മയക്ക് മരുന്നായ എംഡിഐഎം ഒളിപ്പിച്ച്വെച്ച് കള്ളക്കേസിൽ കുടുക്കാനാണ് സൗമ്യ ശ്രമം നടത്തിയത്.
സൗദിയിൽ ജോലി ചെയ്യുന്ന കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ സൗമ്യ ശ്രമം നടത്തിയത്. നേരത്തെ ഭർത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും അത് നടന്നില്ല. പിന്നീട് വിഷം കൊടുത്ത് കൊലപ്പെടുത്താനും സൗമ്യ ആലോചിച്ചിരുന്നു. ഇതൊന്നും നടക്കാതെ വന്നതോടെയാണ് കള്ള കേസിൽ ഭർത്താവിനെ ജയിലിലടക്കാൻ തീരുമാനിച്ചത്.
സുനിലിന്റെ വാഹനത്തിൽ മയക്ക് മരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം സൗമ്യ തന്നെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തി സുനിലിന്റെ വാഹനം പരിശോധിക്കുകയും മയക്ക് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലമോ ദുസ്വഭാവമോ ഇല്ലാത്ത സുനിൽ മയക്കുമരുന്ന് കൈവശം വയ്ക്കുമോ എന്ന പോലീസിന്റെ സംശയമാണ് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ കള്ളക്കളി പുറത്തായത്. സംഭവത്തിൽ വിദേശത്ത് ജോലി ചെയ്യുന്ന കാമുകന് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സൗമ്യക്ക് പുറമെ സൗമ്യക്ക് സഹായം ചെയ്ത് നൽകിയ എറണാകുളം സ്വദേശികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.