കാമുകനൊപ്പം പോകാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് 19 കാരിയായ പെൺകുട്ടിയും കാമുകനും ചേർന്ന് നടത്തിയ നാടകം പൊളിഞ്ഞു. വീട്ടിൽ പ്രണയബന്ധം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് ഇരുവരും നാടുവിടാൻ തീരുമാനമെടുക്കുകയായിരുന്നു. പെൺകുട്ടി തന്നെ തട്ടിക്കൊണ്ടു പോയെന്ന് വീട്ടുകാരോട് വിളിച്ചുപറയുകയും തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞ പെൺകുട്ടിയെ കണ്ടെത്തിയത് വീടിന് 200 മീറ്റർ അകലെയുള്ള ഫാം ഹൗസിൽ നിന്നാണ്.
സംഭവം നടന്നത് ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ് എന്ന ഗ്രാമത്തിലാണ്. വ്യാഴാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് രാത്രി തന്നെ പെൺകുട്ടി വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടുകയും തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും മോചിപ്പിക്കണമെങ്കിൽ ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിൽ മറ്റു ഗുണ്ടാസംഘങ്ങൾ ഉണ്ടെന്നു കരുതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാടകം പൊളിഞ്ഞത്.
പോലീസിനെ കണ്ട് കാമുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് നാടകരംഗം പുറത്തറിയുന്നത്. രണ്ടു വർഷത്തിലേറെയായി പെൺകുട്ടിയുടെ അയൽക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ മാതാപിതാക്കൾ സമ്മതിക്കാതെ വന്നതിനെ തുടർന്നാണ് ഇരുവരും ഒളിച്ചോടാനുള്ള തീരുമാനമെടുത്തത്.