കാമുകി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് പക തോന്നിയ യുവാവ് 70 ഓട്ടോക്കാരുടെ വിലകൂടിയ മൊബൈൽ ഫോണുകൾ അടിച്ചുമാറ്റി; ഒടുവിൽ പോലീസ് പിടിയിൽ

മുംബൈ: എഴുപതോളം ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മഹാരാഷ്ട്രയിലെ പൂനയിലാണ്. അഹമ്മദാബാദ് സ്വദേശിയായ ബുരാഭായി ആരിഫ് ഷെയ്ഖ് എന്ന ആളെയാണ് പോലീസ് പിടികൂടിയത്. തന്റെ കാമുകി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് ഓട്ടോക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മോഷണ ശ്രമങ്ങൾ ആരംഭിച്ചത്. പൂനയിലെ കത്രാജ് കൊന്ധ്യ റോഡിലെ ഓട്ടോ ഡ്രൈവർമാരാണ് ഇയാളുടെ മോഷണത്തിന് ഇരയാകുന്നത്. മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്ന ഓട്ടോ ഡ്രൈവർമാരുടെ വേദന കാണുമ്പോൾ തനിക്ക് അതിലേറെ സന്തോഷം തോന്നിയിരുന്നതായും ആസിഫ് പറഞ്ഞതായി പോലീസ് പറയുന്നു.

അഹമ്മദ്ബാദിൽ റസ്റ്റോറന്റ് നടത്തിയിരുന്ന ആസിഫ് നാട്ടിലെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ പ്രണയ ബന്ധത്തെ നിരസിച്ചതിനെ തുടർന്ന് റസ്റ്റോറന്റ് വിറ്റ പണവുമായി ഇരുവരും നാട് വിടുകയായിരുന്നു. നാടുവിട്ട് എത്തിയത് പൂനെയിലാണ്. കാമുകിയെ വിവാഹം കഴിച്ച്‌ എന്തെങ്കിലും ബിസിനസ് ചെയ്ത ജീവിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാൽ പൂനെയിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ യുവതി ആസിഫിനെ കബളിപ്പിച്ചുകൊണ്ട് നാട്ടുകാരനായ ഓട്ടോഡ്രൈവർക്കൊപ്പം അഹമ്മദാബാദിലേക്ക് കടന്നുകളയുകയായിരുന്നു. ആസിഫിന്റെ കൈവശമുണ്ടായിരുന്ന പണവും യുവതി മോഷ്ടിച്ചതായി പറയുന്നുണ്ട്. തുടർന്ന് കാമുകിയെ തേടി ദിവസങ്ങളോളം ആസിഫ് അലയുകയും ചെയ്തിരുന്നു. കുറെ നാളുകൾക്കു ശേഷം അവളെ കണ്ടെത്തുകയും അവൾ ഓട്ടോഡ്രൈവക്കൊപ്പം സുഖമായി ജീവിക്കുന്നുവെന്നുള്ള കാര്യവും ആസിഫ് അറിഞ്ഞു. പിന്നീട് പൂനെയിലേക്ക് തിരികെയെത്തിയ ആസിഫ് ചെറിയ ജോലികൾ ചെയ്തു കൊണ്ട് ജീവിക്കുകയായിരുന്നു.

Also Read  ഡൽഹി കലാപത്തിൽ പോലീസിന് നേരെ തോക്കുമായി അടുത്ത ഷാരൂഖിനെ അറസ്റ്റ്‌ ചെയ്തു

എന്നാൽ ആ സമയത്ത് ഓട്ടോകാരോടുള്ള പക ആസിഫിന്റെ മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്തു. തന്റെ കാമുകിയെ ഒരു ഓട്ടോഡ്രൈവർ കൊണ്ടു പോയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരോട് ഇയാൾക്ക് പകയാണ് തോന്നിയത്. ഇതിനെ തുടർന്ന് റോഡിലൂടെ അടിച്ചുപൊളിച്ച നടക്കുന്ന ഓട്ടോ ഡ്രൈവർമാരെ ഇയാൾ ലക്ഷ്യം വയ്ക്കുകയും അവരുടെ വാഹനത്തിൽ കയറി സ്മാർട്ട്ഫോണുകൾ കൈക്കലാക്കുകയുമായിരുന്നു. ഫോൺ നഷ്ടപ്പെടുന്ന ഓട്ടോ ഡ്രൈവർമാരുടെ വേദന കണ്ട് അതിൽ ആനന്ദം കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആസിഫ് ഇത്തരം പ്രവർത്തികളാണ് നടത്തിവന്നിരുന്നത്. ഇത്രയൊക്കെ തനിക്ക് സംഭവിച്ചിട്ടും കാമുകിയോട് വൈരാഗ്യം ഇല്ലെന്നാണ് പ്രതി പോലീസിനോട് പറയുന്നത്. തന്നെ സാമ്പത്തികമായി തകരാൻ കാരണം ഓട്ടോ ഡ്രൈവർ ആണെന്നും തന്നെ മോഷണത്തിന് പ്രേരിപ്പിച്ചത് ഇവരാണെന്ന് പോലീസിന് മുമ്പാകെ മൊഴി നൽകി. എഴുപതോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്ന് സമ്മതിച്ച ഇയാളുടെ പക്കൽ നിന്നും 12 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ മോഷ്ടിച്ച മറ്റു ഫോണുകൾ എന്ത് ചെയ്തുവെന്നുള്ള കാര്യത്തിൽ പോലീസ് സംഘം തുടരന്വേഷണം നടത്തി വരികയാണ്.