ഇസ്ലാമബാദ് : കാശ്മീർ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായും നിയുക്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. സമാധാനപരമായി കശ്മീർ പ്രശ്നം പരിഹരിക്കണം എല്ലാ അന്താരാഷ്ട്രവേദികളിലും കാശ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹ്ബാസ് ഷരീഫ് പറഞ്ഞു.
ഇന്ത്യയുമായി നല്ലൊരു ബന്ധം തുടരാനാവാത്തതിൽ ഖേദമുണ്ടെന്നും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യയുമായുള്ള നല്ല ബന്ധത്തിനായി ശ്രമിച്ചിരുന്നെന്നും ഷഹ്ബാസ് ഷരീഫ് പറഞ്ഞു. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹ്ബാസ് ഷരീഫ്. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ രാജിവെച്ചതോടെയാണ് ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയായത്.
അമേരിക്കയുമായി മികച്ച ബന്ധം സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷഹ്ബാസ് ഷരീഫ് ആവശ്യപ്പെട്ടു. പാകിസ്താന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടുന്നതായി മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ആരോപണം ഉന്നയിക്കുകയും അമേരിക്ക നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഷെരീഫിന്റെ പരാമർശം.