ബെംഗളൂരു : കാസർഗോഡ് സ്വദേശിനിയായ മാധ്യമ പ്രവർത്തകയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിൽ ജോലി ചെയ്യുന്ന കാസർഗോഡ് വിദ്യാനഗർ സ്വദേശിനി ശ്രുതി (28) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ശ്രുതിയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്രുതിയും ഭർത്താവ് അനീഷും ബെംഗളൂരുവിലെ അപർട്ട്മെന്റിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എന്നാൽ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം അനീഷ് കണ്ണൂർ തളിപ്പറമ്പിലെ വീട്ടിലായിരുന്നു. ശ്രുതിയെ നാട്ടിലുള്ള അമ്മ നിരന്തരം ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്തിരുന്നില്ല തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളൂരുവിൽ എൻജീനിയറായി ജോലി ചെയ്യുന്ന ശ്രുതിയുടെ സഹോദരൻ അപാർട്മെന്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ ശ്രുതിയുടെ മുറിയിലെത്തി പരിശോധിക്കുകയായിരുന്നു. ശ്രുതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശ്രുതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. അഞ്ച് വർഷം മുൻപാണ് ശ്രുതിയും അനീഷുമായുള്ള വിവാഹം നടന്നത്.