പത്തനംതിട്ട : റാന്നിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കോട്ടയം സ്വദേശിനി ബ്ലസ്സി (21) ആണ് അറസ്റ്റിലായത്. ഇരുപത്തിയേഴ് ദിവസം പ്രായമായ കുഞ്ഞിനെ ഈ മാസം എട്ടാം തീയതിയാണ് മരിച്ച നിലയിൽ ആശുപത്രിൽ എത്തിച്ചത്. കുഞ്ഞിന്റെ തലയിൽ ക്ഷതമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി.
കുഞ്ഞിന്റെ അമ്മ ബ്ലസിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. മാസം തികയാതെ പിറന്നതിനാൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും രാത്രിയിൽ നിർത്താതെ കരഞ്ഞിരുന്നതായും ബ്ലസ്സി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. കുഞ്ഞ് നിർത്താതെ കരഞ്ഞതിൽ ദേഷ്യം തോന്നി കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബ്ലസ്സി പോലീസിനോട് പറഞ്ഞു.