കുളയട്ടകൾ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിർവ്വികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്

കേരളത്തിൽ ഇന്നലെയുടെ പ്രഭാതമുണർന്നത് രാജമലയിലെ ദുരന്തവാർത്ത കേട്ടുകൊണ്ടാണ്. ആ ദുരന്ത വാർത്തയിൽ തണുത്ത് വിറങ്ങലിച്ച് നിന്നപ്പോൾ രാത്രിയോടുകൂടി കോഴിക്കോട് കരിപ്പൂരിൽ നിന്നുള്ള സങ്കട കാഴ്ചകളാണ് നാം വീണ്ടും കണ്ടത്. സംസ്ഥാനത്ത് രണ്ട് വലിയ ദുരന്തങ്ങൾ നടന്ന ദിവസം. രണ്ടിടത്തുമായി മുപ്പത്തിയഞ്ചിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. ഇടുക്കി രാജമലയിൽ ഇനിയും നാൽപതിലധികം തോട്ടംതൊഴിലാളികളെ മണ്ണിനടിയിൽ നിന്നും കണ്ടെത്താനുണ്ട്.

അതുപോലെതന്നെ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട നിരവധിയാളുകൾ ജീവനുവേണ്ടി പൊരുതുകയാണ്. എന്നാൽ കരിപ്പൂർ സംഭവമായി ബന്ധപ്പെട്ടുള്ള സമീപവാസികളുടെ ഇടപെടലുകൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി കൈയ്യടി നേടുകയായിരുന്നു. പക്ഷെ ഇതേ രീതിയിൽ സമാനമായ ഒരു സാഹചര്യം തന്നെയാണ് ഇടുക്കി രാജമലയിൽ ഉണ്ടായത്. ഈ സംഭവമാകട്ടെ വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല. തുടർന്ന് ഈ വിഷയത്തിൽ തന്റെ സങ്കടം പങ്കുവെച്ചുകൊണ്ട് ടി സി രാജേഷ് സിന്ധു എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

പരാതിയില്ല…

കരിപ്പൂരിൽ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്‌ധോരണികളിൽ സ്ട്രീം നിറയുകയാണ്. രാത്രി അവർ ഏറെ അധ്വാനിച്ചു, കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങളെ അവഗണിച്ചു തന്നെ. അവർ സ്‌നേഹമുള്ളവരാണ്. അഭിനന്ദനം അർഹിക്കുന്നവരാണ്.

അപ്പോൾ, അങ്ങകലെ പെട്ടിമുടിയിൽ മണ്ണിനും ചെളിക്കുമിടയിൽ അറുപതോളം പേർ ജീവനില്ലാതെ കിടപ്പുണ്ടാകും. അവിടെയും കോവിഡ് ഭീഷണി നിലനിൽ‍ക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവർത്തകരായി. മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്. കഴുത്തൊപ്പം ചെളിമണ്ണിൽ പുതഞ്ഞുകിടന്ന ദീപനെ ഉൾപ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോൾ കിടത്താൻ ട്രോളിയില്ലാതെ തകരഷീറ്റുകൾ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകൾതന്നെ ട്രോളിയാക്കി പെരുമഴയത്ത് അവർ ചെളിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. മണ്ണിൽ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാൻ.

ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തിൽ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേർ! കുളയട്ടകൾ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിർവ്വികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്. ‍‍

അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട… പക്ഷേ, അവരെ നിങ്ങൾ മറന്നുപോകരുത്.