കോഴിക്കോട് : തിക്കോടി പഞ്ചായത്ത് ജീവനക്കാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്ദു എന്ന് വിളിക്കുന്ന നന്ദകുമാർ (31) ആണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇന്നലെ രാവിലെ നന്ദകുമാർ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് നന്ദകുമാർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു. പിന്നാലെ നന്ദകുമാറും മരണത്തിന് കീഴടങ്ങി. തിക്കോടി പള്ളിത്താനം സ്വദേശികളായ നന്ദകുമാറും,കൃഷ്ണപ്രിയയും അയൽവാസികളാണ്. ഇരുവരും തമ്മിൽ ഏറെ നാളായി പരിചയത്തിലായിരുന്നെന്നും പ്രണയത്തിലായിരുന്നെന്നുമാണ് പോലീസ് നൽകുന്ന സൂചന. കൃഷ്ണപ്രിയയെ നന്ദകുമാർ ശല്യം ചെയ്തിരുന്നതായി വീട്ടുകാർ പറയുന്നു. കൃഷ്ണപ്രിയയുടെ മൊബൈൽ ഫോൺ നന്ദകുമാർ കൈവശപ്പെടുത്തിയതായും വീട്ടുകാർ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.