കൊച്ചി : മുൻ ആരോഗ്യമന്ത്രി കെകെ ഷൈലജയെ പുകഴ്ത്തി തമിഴ് ചലച്ചിത്രതാരം സൂര്യ. ജയ് ഭീം കണ്ടതിന് ശേഷം ചിത്രം നന്നായിരുന്നെന്ന് പറഞ്ഞ് ശൈലജ ടീച്ചർ വിളിച്ച് അഭിനന്ദിച്ചിരുന്നതായും സൂര്യ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ സൂര്യ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേരളം എല്ലാ കാര്യത്തിലും മാതൃകയാണെന്നും സിനിമയുടെ കാര്യത്തിലായാലും സാമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും മറ്റ് സംസ്ഥാനത്തേക്കാൾ മുന്നിലാണെന്നും സൂര്യ പറഞ്ഞു. ഇന്ത്യയിൽ എവിടെ പോയാലും മലയാളം സിനിമകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഗ്രെറ്റ് ഇന്ത്യൻ കിച്ചണും,മിന്നൽ മുരളിയും അത് വ്യക്തമാക്കുന്നെന്നും സൂര്യ പറഞ്ഞു.
ഷൈലജ ടീച്ചറെ പോലുള്ളവർ പൊതുരംഗത്ത് പ്രവർത്തിക്കുന്നത് കേരളത്തിന്റെ പ്രത്യേകതയാണെന്നും. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന കാര്യമാണ് ഇതെന്നും സൂര്യ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം അഭിനന്ദിക്കാൻ ശൈലജ ടീച്ചർ വിളിച്ചത് വലിയൊരു അംഗീകാരമായി കാണുന്നെന്നും ഒരിക്കലും മറക്കാൻ പറ്റില്ലെന്നും സൂര്യ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ കേസിനെ കുറിച്ചൊന്നും അറിയില്ല എന്നാൽ നടക്കാൻ പാടില്ലാത്തതായിരുന്നെന്നും സൂര്യ പറഞ്ഞു.