തിരുവനന്തപുരം: ടെക്നോപാർക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി വിജയരാഘവൻ ധനത്തിൽ പ്രസിദ്ധീകരിച്ച “കേരളത്തെ ഇങ്ങനെ നശിപ്പിക്കാൻ അനുവദിക്കണോ?” എന്ന ലേഖനത്തിനു പ്രതികരണവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. ജീ വിജയരാഘവൻ പ്രസിദ്ധീകരിച്ച ധനം മാസികയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ടാണ് കേരളത്തിലെ വികസന കാര്യത്തെ കുറിച്ചും അതിനുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ചും ചൂണ്ടികാട്ടികൊണ്ട് ഇ ശ്രീധരൻ കത്തെഴുതിയിരിക്കുന്നത്.
ഡോ ഇ ശ്രീധരന്റെ കത്ത് വായിക്കാം
2020 ജനുവരി 31 ലക്കത്തിൽ ആസൂത്രണ ബോർഡ് മുൻ അംഗം ശ്രീ ജി വിജയരാഘവൻ എഴുതിയ കേരളത്തെ ഇങ്ങനെ നശിപ്പിക്കാൻ അനുവദിക്കണോ.?’ എന്ന അങ്ങേയറ്റം കാലിക പ്രസക്തവും തീവ്രവുമായ ലേഖനം കണ്ടു. അതിനിശിതമായ ഈ ലേഖനം പ്രസിദ്ധീകരിക്കാൻ തയ്യാറായതിൽ ഞാൻ ധനത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വലിയ വ്യവസായം പോലും കേരളത്തിൽ വന്നിട്ടില്ല. നേരെ മറിച്ചു, വി ഗാർഡ് പോലുള്ള വ്യവസായങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. തൊഴിലാളി സമരങ്ങൾ മൂലം കൊച്ചിൻ പോർട്ട് ട്രസ്റ്റിലേക്ക് വരാതെ കപ്പലുകൾ മറ്റു തീരം തേടി പോകുന്നു. സ്ഥാപിതശേഷിയുടെ 60 ശതമാനം മാത്രമാണ് പോർട്ട് വിനിയോഗിക്കുന്നത്. ഭാരത് പെട്രോളിയം റിഫൈനറിയുള്ളതുകൊണ്ട് മാത്രമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോർട്ട് വീഴാത്തത്.
ശ്രീ വിജയരാഘവൻ ചൂണ്ടികാട്ടിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കാർഷികോൽപ്പാദന രംഗത്ത് കുത്തനെ ഇടിവ്, നമ്മുടെ പുഴകളുടെ അതിശോചനീയമായ അവസ്ഥ, ഖരമാലിന്യ സംസ്കാരം നല്ലരീതിയിൽ നടത്തുന്ന ഒരു പ്ലാന്റ് പോലുമില്ലാത്ത അവസ്ഥ, വേനലിലെ കടുത്ത ജലദൗർബല്യം, ക്യാമ്പസുകളിൽ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ കലഹങ്ങൾ… ഇവയെല്ലാം കേരളത്തെ കാത്തിരിക്കുന്ന തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സർക്കാർ ഉണർന്നെങ്കിൽ പ്രബുദ്ധരായ പൊതുസമൂഹമെങ്കിലും നട്ടെല്ലോടെ നിവർന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയർത്തണം.