കൊറോണ മൂലം മരിച്ചവരുടെ മൃതദേഹത്തിൽ നിന്നും വൈറസ് പകരുമോയെന്നതിനുള്ള ഉത്തരം ഇതാണ്

ഡൽഹി: കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ മൃതദേഹത്തിൽ നിന്നും രോഗം പകരുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ രൺദീപ് ഗുലേറിയ. മരിച്ചവരുടെ ശരീരത്തിൽ നിന്നും ഒരിക്കലും കൊറോണ വൈറസ് പകരില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ രോഗം ബാധിച്ചിട്ടുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ അവരുടെ ശ്വസനവുമായി ബന്ധപ്പെട്ടുളള സ്രവങ്ങളിലൂടെയോ മറ്റോ വൈറസ് പകരുകയുള്ളെന്നും അതുകൊണ്ട് തന്നെ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിലൂടെ ഒരിക്കലും ഈ രോഗം പിടിപെടില്ലെന്നും രൺദീപ് വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യങ്ങൾ വർധിച്ചു വരുന്നത് കൊണ്ടാണ് അങ്ങിനെ ഉള്ളവർക്ക് വേണ്ടി അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്. കൊറോണ ബാധിച്ചു ഇന്ത്യയിൽ രണ്ട് പേർ മരിക്കുകയും, നിലവിൽ ഇതുവരെ 88 പേർക്ക് വൈറസ് സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.