കൊറോണ വൈറസിനുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ: മരുന്ന് ഉടൻ വിപണിയിലെത്തുമെന്ന് ഇന്ത്യൻ മരുന്ന് കമ്പനി

കൊറോണ വൈറസിനുള്ള വാക്സിനുമായി ഇന്ത്യൻ കമ്പനി. ഒക്ടോബർ മാസത്തോടെ ഇന്ത്യൻ വിപണിയിൽ മരുന്ന് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. വാക്സിൻ മനുഷ്യനിലുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും കമ്പനിയുടെ ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ പറഞ്ഞു. പരീക്ഷണം പൂർത്തിയാക്കിയശേഷം ആരോഗ്യ മന്ത്രാലയത്തിന് അംഗീകാരം ലഭിച്ചാൽ 1000 രൂപയ്ക്ക് വാക്സിൻ മാർക്കറ്റുകളിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടു കൂടിയുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ജൂൺ മാസത്തോടെ നിർമ്മാണം ആരംഭിച്ചു സെപ്റ്റംബറോടു കൂടി 2 കോടി വാക്സിൻ ഡോസുകൾ തയ്യാറാക്കാനാണ് തീരുമാനം. ലോകത്തിലെ വാക്സിൻ നിർമ്മാണത്തിൽ 70 ശതമാനവും സിറയാണ് ചെയ്യുന്നത്.