കൊറോണ വൈറസ് ; സർക്കാർ നിർദ്ദേശം ലംഘിച്ച് ജുമുഅ നമസ്ക്കാരം നടത്തിയ 200 പേർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ് : സംസ്ഥാനത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പോലീസിന്റെയും സർക്കാരിന്റെയും നിര്‍ദേശം ലംഘിച്ച്‌ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളി ഇമാമിനെ കൂടാതെ പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെയും മറ്റു 200 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.

പള്ളികളിൽ ജുമുഅ നടത്തരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പോലീസ് രാവിലെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും പള്ളികളിൽ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയോടെ പള്ളിയില്‍ ആളുകൾ എത്തിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സബ്കലക്ടറുടെ നിര്‍ദേശപ്രകാരം പോലീസെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ജുമുഅ നടക്കുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ക്കെതിരെയും ജുമുഅയില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തത്. പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.