കീഴായിക്കോണം : പ്രദീപ് കൊലക്കേസിലെ പ്രതികളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആറു വർഷത്തിന് ശേഷമാണ് പ്രതികളെ തെളിവെടുപ്പിനായി കീഴായിക്കോണത്ത് എത്തിച്ചത്. കേസിലെ പ്രതികളായ വണ്ടിപുരമുക്ക് സ്വദേശി പുഷ്പാംഗദൻ (40), അഭിലാഷ് (37), വിനീഷ് (32), സുരേഷ് (36) എന്നിവരെയാണ് ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
2015 മാർച്ചിലായിരുന്നു പ്രതികൾ പ്രദീപിനെ കൊലപ്പെടുത്തിയത്. കഴുത്തിൽ തുണി ചുറ്റി ശ്വാസം മുട്ടിച്ചാണ് പ്രദീപിനെ കൊലപ്പെടുത്തിയത്. പ്രദീപിന്റെ വീട്ടിന് സമീപത്തുള്ള പറമ്പിൽ കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു മൃദദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
കൊല്ലപ്പെട്ട പ്രദീപിന്റെ ചെരിപ്പ് മറ്റൊരിടത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. പ്രദീപിനെ പ്രതികൾ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. പ്രദീപ് കൊല്ലപ്പെടുന്നതിന് രണ്ടു വർഷം മുൻപ് പ്രദീപിന്റെ അമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജ വാറ്റ് സംഘത്തിനെതിരെ പ്രദീപിന്റെ ‘അമ്മ ശുശീല പോലീസിൽ പരാതി നൽകിയതാണ് ശുശീലയുടെ കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
സുശീല കൊലപാതക കേസിലെ ഒന്നാം സാക്ഷി ആയിരുന്നു കൊല്ലപ്പെട്ട പ്രദീപ്. സുശീല വധക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാകുമെന്ന ഘട്ടത്തിലാണ് പ്രദീപിനെ പ്രതികൾ കൊലപ്പെടുത്തിയത്. ശുശീല വധക്കേസിൽ അറസ്റ്റിലായ പ്രതികൾ പരോളിൽ ഇറങ്ങിയതാണ് പ്രദീപിനെ കൊലപ്പെടുത്തിയത്.