കൊല്ലം: വിദേശത്തുനിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയവെ മരണപ്പെട്ട യുവാവിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കൊല്ലം കണ്ണങ്കോട് സ്വദേശിയായ മനോജ് (24) മരണപ്പെട്ടതിനു ശേഷം നടത്തിയ റാപ്പിഡ് പരിശോധനയിൽ കോവിഡ് കണ്ടെത്തിയിരുന്നു. എന്നാൽ ആലപ്പുഴയിലെ ലാബിൽ കോവിഡ് പരിശോധന നടത്തിയതിനെ തുടർന്ന് യുവാവിനെ കോവിഡ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
മനോജും സുഹൃത്തുക്കളും ഈ മാസം രണ്ടിനാണ് ദുബായിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തും അയൽവാസിയുമായിരുന്ന യുവാവിന്റെ വീട്ടിൽ ഇരുവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മനോജ് മരണപ്പെട്ടതിനെ തുടർന്ന് കൂടെ താമസിച്ചിരുന്ന യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.