പാലക്കാട് : വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം താമസിക്കുന്ന സുബ്രഹ്മണ്യന്റെ മകൾ ബീന (20) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എംഇഎസ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ബീന.
അതേസമയം പരീക്ഷ എഴുതാൻ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് സഹോദരി ജീവനൊടുക്കിയതെന്ന് സഹോദരൻ ബിജു മാധ്യമങ്ങളോട് പറഞ്ഞു. പണമില്ലാത്തതിനാൽ ഫീസ് അടയ്ക്കാൻ വൈകിയിരുന്നതായും ഇന്നലെ അമ്മ ഫീസടയ്ക്കാൻ കോളേജിൽ എത്തിയപ്പോൾ കോളേജ് അധികൃതർ ഫീസ് വാങ്ങാൻ തയ്യാറായില്ലെന്നും ബിജു പറഞ്ഞു.
ഫീസ് വാങ്ങാതെ കോളേജ് അധികൃതർ സർവകലാശാലയെ സമീപിക്കാൻ ബീനയോട് ആവിശ്യപ്പെടുകയായിരുന്നെന്നും ബിജു പറഞ്ഞു. ഇക്കാരണം കൊണ്ട് പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന മനോവിഷമമാണ് സഹോദരിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബിജു പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)