ആലപ്പുഴ : മാന്നാറിൽ കോളേജ് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കയറ്റികൊണ്ട്പോയി പീഡനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ ഭയങ്കരൻ അപ്പുപ്പൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ (68) നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പതിനെട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോളേജിലേക്ക് പോകാനായി ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കോളേജിന് സമീപത്തുള്ള ജംഗ്ഷനിൽ ഇറക്കാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപെട്ട് ഓടിയ വിദ്യാർത്ഥിനി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് ചോദിക്കാനെത്തിയ അമ്മയെ ഇയാൾ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറിയാവുന്ന ആളായത് കൊണ്ടാണ് സ്കൂട്ടറിൽ കയറിയതെന്നും പ്രായമുള്ള ആളിൽ നിന്ന് ഇത്തരത്തിൽ ഒരു പെരുമാറ്റമുണ്ടാകുമെന്ന് കരുതിയില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. മാന്നാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.