ഡൽഹി: കോവിഡ് വൈറസിനുള്ള വാക്സിൻ 2021 ന് മുൻപ് പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ഓഗസ്റ്റ് 15ന് കോവിഡ് വാക്സിൻ പുറത്തിറക്കുമെന്നുള്ള ഐ സി എം ആറിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കോവിഡിനെതിരെയുള്ള വൈറസ് പരീക്ഷണം നടത്തുന്നത് പൂനെയിലെ ഐ സി എം ആർ, സി എസ് ഐ ആർ ഇന്സ്ടിട്യൂഷൻ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയ സ്ഥാപനങ്ങളാണ്. മനുഷ്യശരീരത്തിൽ പരീക്ഷിക്കുന്നതിനായുള്ള 140 വാക്സിനുകളിൽ കോവസ്കിൻ, സൈക്കോവ് തുടങ്ങിയ ഇന്ത്യൻ വാക്സിനുകൾക്കൊപ്പം 11 വാക്സിനുകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും 2021 നു മുൻപാകെ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്.
ഓഗസ്റ്റ് 15ന് വാക്സിൻ പുറത്തിറക്കുമെന്ന് ഐ സി എം ആർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ പരീക്ഷണം നടത്തും. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി ചേർന്നാണ് കോവാക്സിൻ വികസിപ്പിക്കുന്നത്.