ഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ നിലവിൽ ജൂൺ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെയധികം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സംസ്ഥാനത്തെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടം ഇനിയും തുടരണമെന്നും അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ജൂലൈ 15 നകം 2.25 ലക്ഷം കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഉള്ള കണക്കുകൾ പ്രകാരം 1.15 ലക്ഷം കേസുകൾ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വൈറസിനെതിരെ ഡൽഹി സർക്കാർ ഒറ്റയ്ക്ക് പോരാടാൻ തീരുമാനിച്ചിരുന്നുവെങ്കിൽ വിജയം കൈവരിക്കാൻ സാധിക്കില്ലായിരുന്നുവെന്നും എന്നാൽ തങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരും സന്നദ്ധ സംഘടനയും മതസ്ഥാപനങ്ങളും മറ്റു രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സർക്കാരിനൊപ്പം കോവിഡ് വൈറസിനെ പ്രതിരോധിക്കുതിനുവേണ്ടി സഹകരിച്ച എല്ലാവരോടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നന്ദി പറയുകയും ചെയ്തു.