കോവിഡുള്ളവർ പനിയെന്ന് കരുതി പാരസെറ്റാമോൾ കഴിക്കുന്നു; ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റാമോൾ നൽകില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾ

കൊച്ചി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോൾ ഗുളിക നൽകില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾ. രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പാരസെറ്റമോളിന് നിയന്ത്രണം. മഴക്കാലമായതിനാൽ പനിയും ജലദോഷവും മറ്റും പിടികൂടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. തുടർന്ന് മെഡിക്കൽ സ്റ്റോറിൽ പാരസെറ്റമോൾ ഗുളിക ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്ന കിട്ടില്ലെന്നുള്ള സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കോവിഡ് വൈറസിന്റെ പ്രധാനലക്ഷണമായ പനി, ചുമ, തൊണ്ട വേദന, ജലദോഷം എന്നിവയാണ് പാരസെറ്റാമോൾ ഗുളിക നിയന്ത്രിക്കുന്നതിനുള്ള സ്ഥാന കാരണം.

രോഗമുള്ള പലരും പനിയാണെന്ന് കരുതി പാരസെറ്റാമോൾ ഉൾപ്പെടെയുള്ള ഗുളികകളും മരുന്നുകളും വാങ്ങി കഴിക്കുകയും തുടർന്ന് ശരീരോഷ്മാവ് കുറയുമ്പോൾ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോൾ നൽകില്ലെന്നുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. പനി ഉൾപ്പടെയുള്ള ചെറിയ രോഗങ്ങൾക്കായി മരുന്നുവാങ്ങാൻ മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്നുള്ള നിർദേശം വന്നിട്ട് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ നിർദ്ദേശം വന്നിട്ട് നാലുമാസമായി. എന്നാൽ ഇതുസംബന്ധിച്ചുള്ള കാര്യം വ്യാപാരികൾക്കും ഈ മേഖലയിലെ സംഘടനകൾക്കും വാക്കാലുള്ള നിർദ്ദേശം മാത്രമായിരുന്നു നൽകിയിരുന്നത്. ആയതിനാൽ മെഡിക്കൽ സ്റ്റോറുകളിൽ പൂർണമായ നിയന്ത്രണം പാലിച്ചിരുന്നില്ല. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡ്രഗ് കൺട്രോൾ വിഭാഗം കർശന നിരീക്ഷണം തുടങ്ങിയ സാഹചര്യത്തിലാണ് മെഡിക്കൽ സ്റ്റോറുടമകളും പാരസെറ്റമോൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ നൽകുന്നതിനു നിയന്ത്രണം പാലിക്കാൻ തുടങ്ങിയത്.