കോവിഡ് നിയന്ത്രണത്തിൽ ലോകത്തിനുതന്നെ മാതൃകയായി ഇന്ത്യ; സ്വാതന്ത്ര്യ സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഡൽഹി: അന്താരാഷ്ട്ര തലത്തിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡിനെ നിയന്ത്രിക്കുന്നതിനും മരണസംഖ്യ പിടിച്ചുനിർത്തുന്നതിനും നമ്മുടെ രാജ്യം വിജയിച്ചുവെന്നു രാഷ്ട്രപതി രാംനാഥ് കോവിഡ്. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പരിശ്രമം ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധത്തിന് വേണ്ടി പോരാട്ടം നടത്തിയിട്ടുള്ള രാജ്യത്തെ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

കോവിഡിനെതിരെ പോരാട്ടം നടത്തിയ എല്ലാ ഡോക്ടർമാരും നഴ്സുമാരും മുന്നിൽ നിന്ന് പൊരുതിയ എല്ലാവരോടും തന്നെ രാജ്യം കടപ്പെട്ടിരിക്കുന്നു. തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് അവർ കാഴ്ചവെച്ചത്. ലോകമെമ്പാടും കൊറോണ വൈറസ് മാരകമായ രീതിയിൽ പടരുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഈ വർഷം രാജ്യത്ത് പതിവ് രീതിയിലുള്ള സ്വാതന്ത്ര്യ ദിനാഘോഷമില്ല. കൂടാതെ ലഡാക്കിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച മുഴുവൻ സൈനികർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.