ഡൽഹി: കോവിഡ് പ്രതിസന്ധി മൂലം അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയെയാണ് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ 23.9% ഇടിവുണ്ടായി. എന്നാൽ കാർഷിക മേഖല മാത്രമാണ് പിടിച്ചു നിന്നത്. കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് വൈറസിനെ നിയന്ത്രിക്കുന്നതിനായി രാജ്യത്തു ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് ഇന്ത്യയെ നയിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തന്നെ ആഭ്യന്തര ഉത്പാദനത്തിലെ 23.9 ശതമാനമാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. ലോക വൻകിട സമ്പദ് വ്യവസ്ഥകളിൽ തന്നെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഒരു ഇടിവ് തന്നെയാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം 32% സാമ്പത്തിക തകർച്ച നേരിട്ടിട്ടുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ജിഡിപിയിൽ 20 ശതമാനം ഇടിവുമായി യുകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. കൂടാതെ ഇറ്റലി, ഫ്രാൻസ്, ജർമ്മനി, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ജിഡിപിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ചൈനയുടെ ജിഡിപി 3.2 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് നിർമ്മാണ മേഖലയിൽ 50 ശതമാനവും ഉത്പാദന മേഖലയിൽ 39 ശതമാനവുമാണ് ഇടിവ് ഉണ്ടായിട്ടുള്ളത്.