കോവിഡ് പ്രതിസന്ധിയിലും പാവപെട്ട 18 ലക്ഷം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി മോദി സർക്കാർ

ഡൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പണിയുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ മാത്രം രാജ്യത്ത് 18 ലക്ഷം വീടുകളാണ് പൂർത്തീകരിച്ചത്. മുൻകാലങ്ങളിൽ ഒരു വീടിന്റെ പണി പൂർത്തിയാകുന്നതിന് 125 ദിവസത്തോളം സമയം എടുത്തിരുന്നെങ്കിൽ ഇപ്പോൾ വെറും 45 മുതൽ 60 ദിവസത്തെ സമയം കൊണ്ട് പണി പൂർത്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയതും ജോലികൾ വേഗത്തിൽ തീരുന്നതിന് ഗുണപ്രദമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പണി പൂർത്തീകരിച്ച മധ്യപ്രദേശിലെ 1.75 ലക്ഷം വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ വഴി രാജ്യത്ത് 23000 കോടി രൂപയാണ് അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളത്. ഇത് രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.