കോവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ കോവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കടവിൽ കോവിലകത്ത് അനീഷ് (35), ഞാറക്കാട് രജീഷ് (31) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികളായ കുടുംബാംഗങ്ങൾ രോഗം പരത്തുന്നുവെന്നുള്ള ആരോപണമുന്നയിച്ചു കൊണ്ടാണ് പ്രതികൾ ആക്രമണം നടത്തിയത്. മദ്യലഹരിയിൽ തങ്ങളുടെ വീടിന് നേരെ ഇരുവരും കല്ലെറിയുകയായിരുന്നു കുടുംബാംഗങ്ങൾ പറയുന്നതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും വീടിനു സമീപത്തായി ബൈക്കിലെത്തുകയും തുടർന്ന് കല്ലെറിയുകയും ജനൽ ചില്ലുകളും മറ്റും തകർക്കുകയായിരുന്നു.

സമീപത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമണം നടന്ന റോഡിലൂടെ കൃത്യസമയത്ത് മൂന്ന് വാഹനങ്ങൾ കടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളായ ഇരുന്നൂറോളം പേരെ പോലീസ് ചോദ്യം ചെയ്യുകയും നിരവധി ആളുകളുടെ ഫോൺകോൾ പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് സമീപവാസികളായ ഇരുവരിലേക്കും അന്വേഷണം എത്തിപ്പെടുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതികൾ ആക്രമിച്ച വീട്ടിലെ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ഹോസ്പിറ്റലിലേക്ക് പോകുന്നതിനായി ആംബുലൻസ് കാത്തുനിൽക്കുമ്പോഴാണ് പ്രതികൾ ആക്രമണം നടത്തിയത്. ആക്രമണ വിവരം വീട്ടമ്മയോടൊപ്പം ഉണ്ടായിരുന്ന മകനാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സംഭവ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.