കോവിഡ് മഹാമാരി കാലഘട്ടം ഇന്ത്യയ്ക്ക് മികച്ച അവസരമാക്കി മാറ്റണമെന്ന് നിർമല സീതാരാമൻ

ഡൽഹി: ഇന്ത്യയുടെ സമ്പത്ത് വ്യെവസ്ഥ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിയുടെ ആത്മ നിർഭരമായ ഭാരതമെന്ന പ്രയത്നം നമ്മുടെ നാടിനെ ഒന്നിപ്പിക്കുമെന്നും അല്ലാതെ ഒറ്റപ്പെടുത്തുകയല്ല ചെയ്യുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ ഇക്കാര്യങ്ങൾ അഭിപ്രായപ്പെട്ടത്. ഇന്ന് നമുക്ക് നല്ല ആത്മവിശ്വാസത്തോടെ ലോകത്തിനുമുന്നിൽ നിൽക്കാൻ സാധിക്കുന്നു.

നമ്മൾ ലക്ഷ്യംവെക്കുന്നത് സമഗ്രമായ മാറ്റമാണ്, അല്ലാതെ ചെറിയ ചെറിയ സഹായങ്ങളും മാറ്റങ്ങളുമല്ല, ഈ മഹാമാരി കാലഘട്ടം നമുക്ക് മികച്ചൊരു അവസരമാക്കി മാറ്റേണ്ടതുണ്ട്, എന്ന് നിർമ്മലാ സീതാരാമൻ ട്വിറ്ററിലൂടെ കുറിച്ചു. 2001 ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ കച്ച് മേഖല പൂർണമായും തകർന്നിരുന്നു. എന്നാൽ പൂർവാധികം ശക്തിയോടുകൂടി ആ മേഖല ഉയർന്നുവന്നത് ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയാണെന്നും, അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ആത്മ നിർഭര ഭാരതമെന്ന ആശയത്തിലൂടെ ജനങ്ങളുടെ കൂട്ടായ്മയിൽ വിശ്വാസം നൽകുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.