ഡൽഹി: രാജ്യമെമ്പാടും കോവിഡ് വൈറസിതിരെയുള്ള പോരാട്ടം തുടരുമ്പോൾ ഏറ്റവും പുതിയ വഴിത്തിരിവിലേക്ക് നാം നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കോവിഡ് വൈറസിനെതിരെ സി എസ് ഐ ആർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന പരിശ്രമത്തെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മരുന്നുകൾ, രോഗനിർണയം, പിപി കിറ്റുകൾ, വെന്റിലേറ്റർ തുടങ്ങിയവയിൽ നൂറിലധികം സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
93 ലധികം വ്യവസായ പങ്കാളികളും സി എസ് ഐ ആറിനുണ്ട്. എന്നാലിതിൽ 60 എണ്ണം അവശ്യവസ്തുക്കളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണത്തിനു വേണ്ടി ഉള്ളതാണ്, രാജ്യത്ത് രണ്ട് കമ്പനികൾ നിർമ്മിക്കുന്ന കോവിഡ് വാക്സിനുകൾ അവയുടെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണ ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഡോക്ടർ ഹർഷവർദ്ധൻ സിഎസ്ഐആറുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ പറഞ്ഞു. കൂടാതെ രാജ്യത്ത് കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർ ആരോഗ്യപ്രവർത്തകർ മറ്റ് വിദഗ്ധർ എന്നിവരെയും അഭിനന്ദിച്ചു.
കോവിഡ് വൈറസിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇന്ത്യയുടെ കോവിഡ് മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 14 ശതമാനമായി രോഗമുക്തി നിരക്ക് ഉയർന്നു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം പേർ കോവിഡിൽ നിന്നും രോഗമുക്തി നേടിയതായും കേന്ദ്രമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി.