ജനീവ: ആഗോളതലത്തിൽ കോവിഡ് വൈറസ് പിടിമുറുക്കുമ്പോൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. കോവിഡ് ബാധിച്ചാൽ ജീവിതം അവസാനിച്ചുവെന്നുള്ളതിൽ അർത്ഥമില്ലെന്നും ജനങ്ങൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും അദ്ദേഹം വെർച്ചൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിക്കരാജ്യങ്ങളിലും കോവിഡ് വൈറസ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം യുവാക്കളുടെ അശ്രദ്ധയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലമാകുമ്പോൾ വൈറസ് വ്യാപനം കൂടുമെന്നും ഇതിൽ യുവാക്കളുടെ അശ്രദ്ധയും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരെക്കാൾ കൂടുതൽ പ്രായമായവർക്കും കുട്ടികൾക്കുമാണ് അപകട സാധ്യത കൂടുതലുള്ളത്. ഇത്തരം അപകടാവസ്ഥയെക്കുറിച്ച് യുവാക്കളെ ബോധ്യപ്പെടുത്തുകയെന്നുള്ളതാണ് തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ലോകാരോഗ്യ സംഘടന തലവൻ ചൂണ്ടിക്കാട്ടി.
സാമൂഹിക സഹകരണവും രാഷ്ട്രീയനേതൃത്വവും വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ നിർണായകമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും 24 വാക്സിനുകളുടെ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾക്ക് അദ്ദേഹം വെർച്വൽ വാർത്താസമ്മേളനത്തിൽ ഈദ് ആശംസകൾ നേരുകയും ചെയ്തു.