തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ് എസിന്റെ കുപ്പായം ആർഎസ്എസുകാരേക്കാൾ കൂടുതൽ ഇന്ന് അണിയുന്നത് രമേശ് ചെന്നിത്തലയാണെന്നും കോൺഗ്രസിനകത്തെ ആർഎസ്എസ് സർസംഘചാലക് ചെന്നിത്തലയാണെന്നും പറഞ്ഞുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയെ പരിഹസിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് പറയുന്നത് അതേപടി വെയിലാറും മുൻപ് ചെന്നിത്തല ആവർത്തിക്കുമെന്നും ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവായി രമേശ് ചെന്നിത്തല മാറിയെന്നും കോടിയേരി ആരോപിച്ചു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ മൗനമെന്നും അദ്ദേഹം ആരോപിക്കുന്നു. ശ്രീരാമന്റെ നിറം കാവി അല്ലെന്നുള്ള കാര്യം എല്ലാവർക്കുമറിയാം. എന്നാൽ രാമനെ കാവിയിൽ മുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ് മഹാമാരിയുടെ കാലത്തും കളിയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാറും ജേഴ്സി അണിഞ്ഞിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം, അയോദ്ധ്യ തുടങ്ങിയ വിഷയങ്ങളിലെല്ലാം തന്നെ താമരയെക്കാൾ കൂടുതൽ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് കളിക്കുന്നത്. അയോധ്യയിൽ ബാബറി മസ്ജിദ് പൊളിക്കുന്നതിന് കാവിപ്പടയ്ക്ക് കൂട്ടുനിന്നത് കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു ആണ്. അദ്ദേഹത്തിന്റെ പാരമ്പര്യം പിൻപറ്റിക്കൊണ്ടാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.