കോൺഗ്രസ്സ് പ്രതിസന്ധിയിൽ ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല കൂപ്പൺ വഴി പണം സ്വരൂപിക്കാൻ നേതൃത്വം

തിരഞ്ഞെടുപ്പ് അടുക്കാറായ അവസ്ഥയിലും കേന്ദ്രത്തിലോ കേരളത്തിലോ വേരുറപ്പിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസ്‌ പാർട്ടി. അതോടൊപ്പം വൻ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടുകൊണ്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാറായ ഈ സമയത്ത് മത്സരാർത്ഥികളുടെ പ്രചാരണത്തിന് പോലും മുടക്കാൻ പൈസ ഇല്ലാതെ നട്ടംതിരിയുകയാണ് നേതാക്കൾ. പല സ്ഥാനാർത്ഥികളും കയ്യിൽ നിന്നു കാശ് മുടക്കിയാണ് ഇപ്പോൾ പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളത്. അതിനുപോലും വകയില്ലാത്ത മത്സരാർത്ഥികൾ പാർട്ടിയിലുണ്ട്. വോട്ട് ലഭിക്കണമെങ്കിൽ വോട്ടർമാരെ ചില്ലറ കൊടുത്ത് ചാക്കിട്ടുപിടിച്ചാലേ രക്ഷയുള്ളൂ എന്നാണ് കോൺഗ്രസ്‌ നേതൃത്വം തന്നെ പറയുന്നത്. പ്രചരണത്തിനുള്ള പൈസ കണ്ടെത്താനായി കൂപ്പൺ ഇറക്കിയിരിക്കുകയാണ് കെപിസിസി.

100രൂപ മുതൽ 2000രൂപ വരെയുള്ള കൂപ്പണുകളാണ് അച്ചടിച്ചിരിക്കുന്നത്. ഓരോ വാർഡിലേക്കും പ്രചാരണത്തിന് ആവശ്യമായ കൂപ്പണുകൾ മാത്രമേ ഇപ്പോൾ നൽകുന്നുള്ളൂ. അത്കൊണ്ട് തന്നെ കൂപ്പൺ വിറ്റുകിട്ടുന്ന പണം സ്വന്തം കീശയിൽ ആക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. പഞ്ചായത്ത്‌ തലത്തിൽ അമ്പതിനായിരം, നഗരസഭ ഒരുലക്ഷം, കോർപറേഷൻ രണ്ടുലക്ഷം എന്നിങ്ങനെയാണ് വകമാറ്റി വച്ചിരിക്കുന്നത് അതിനാവശ്യമായ കൂപ്പണുകൾ ഇതിനോടകം തന്നെ എല്ലായിടത്തും എത്തിച്ചു നൽകി. കൂടാതെ സ്ഥാനാർത്ഥികൾക്ക് മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെ പിരിക്കാനുള്ള കൂപ്പണുകൾ വേറെ നൽകാൻ ധാരണയായിട്ടുണ്ട്. ഇടതു പാർട്ടികൾ നടത്തുന്ന പോലെ ബക്കറ്റു പിരിവിനിറങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് അണികൾക്ക് കർശന നിർദ്ദേശവും നേതാക്കൾ നൽകിയിട്ടുണ്ട്.