ഡൽഹി: വിദേശ കമ്പനികൾ ചൈനവിട്ട് കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരാനുള്ള നീക്കം നടത്തുന്നു. ഇതിന്റെ ഭാഗമായി പ്രശസ്ത ജർമൻ കമ്പനി ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുവാനുള്ള ശ്രമം തുടങ്ങുന്നു. വോൺ വെൽക്സ് എന്ന ജർമൻ കമ്പനിയാണ് തങ്ങളുടെ ഉല്പാദനകേന്ദ്രം ചൈനയിൽ നിന്നും മാറ്റി ഇന്ത്യയിലേക്ക് സ്ഥാപിക്കുവാനുള്ള തീരുമാനമെടുത്തത്. വർഷത്തിൽ മൂന്നു ദശലക്ഷം ജോഡി ചെരുപ്പുകൾ നിർമ്മിക്കുന്ന ചൈനയിലെ പ്ലാന്റാണ് ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. ഉത്തർപ്രദേശിൽ ആരംഭിക്കുന്ന പ്ലാന്റിന് വേണ്ടി 100 കോടി രൂപയുടെ പ്രാഥമിക നിക്ഷേപവും ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് ഉള്ള കാര്യം ഉത്തർപ്രദേശ് സർക്കാരുമായി കമ്പനി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
കമ്പനിയുടെ ഇന്ത്യയിലെ ലൈസൻസിയായ ലാട്രിക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് കമ്പനി ഇന്ത്യയിൽ വരുന്നത് സംബന്ധിച്ച് ഉള്ള കാര്യം വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിൽ കമ്പനി ആരംഭിക്കാൻ പോകുന്നത് 30 ദശലക്ഷം ജോഡി ചെരുപ്പുകൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണ്. രണ്ട് വർഷം കൊണ്ടു ഉല്പാദനശേഷി ഈ നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ 110 കോടി രൂപ ചിലവാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ രണ്ടാം ഘട്ടത്തിലേക്ക് വേണ്ടുന്ന അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്നുതന്നെ ഉണ്ടാക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.