ചൈനയ്ക്ക് നൽകിയത് ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണം എന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി: 59 ചൈനീസ് ആപ്പുകൾ നിരോധിച്ച സംഭവം ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യസുരക്ഷയ്ക്ക് വേണ്ടിയും ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് ചൈനീസ് നിർമ്മിത ആപ്പുകൾ നിരോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയന്ത്രണ രേഖ കടന്നു ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിക്കുകയും ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തിന്റെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ ചൈനാ വിരുദ്ധ നിലപാട് ഉയർന്നുവന്നിരുന്നു.

ബോയ്ക്കോട്ട് ചൈന ക്യാമ്പയിനുകളും മറ്റും സമൂഹമാധ്യമങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് ചൈനയുടെ 59 ഓളം മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുക യായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ക്രമസമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ആരെങ്കിലും അതിനെ തകർക്കാൻ ശ്രമം നടത്തിയാൽ അതിനു തക്കതായ മറുപടി നൽകുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.