ചൈനീസ് ആപ്പ് നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തെറ്റായ തീരുമാനം തിരുത്തണമെന്നുള്ള ആവശ്യവുമായി ചൈന രംഗത്ത്

ഡൽഹി: ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിനെതിരെ മുന്നറിയിപ്പുമായി ചൈന. മൊബൈൽ അപ്ലിക്കേഷനുകളുടെ നിരോധനത്തിൽ ഇന്ത്യ മനപ്പൂർവമായ ഇടപെടലാണ് നടത്തിയതെന്നും ചൈനയുടെ ബിസിനസ് സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ചൈന പറഞ്ഞു. കൂടാതെ ഇന്ത്യ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ചൈന മുന്നറിയിപ്പു നൽകി. ഇന്ത്യ ചൈന അതിർത്തി വിഷയത്തെ തുടർന്ന് ചൈനീസ് നിർമ്മിതിയിലുള്ള 59 മൊബൈൽ ആപ്ലിക്കേഷനുകൾക്കാണ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 29 ന് കേന്ദ്ര സർക്കാർ നിരോധനം പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യയിൽ ആപ്പ് നിരോധിച്ചത് ചൈനയ്ക്ക് വലിയ രീതിയിലുള്ള പ്രത്യാഘാതമാണ് ഉണ്ടായത്. പ്രമുഖ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ ഉപഭോക്താക്കളിൽ 30 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന തെറ്റായ നടപടി തിരുത്തണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളുമായി സഹകരിക്കുമ്പോൾ അന്താരാഷ്ട്ര നിയമങ്ങളും ധാർമിക നടപടികളും പാലിക്കണമെന്നും ഡൽഹിയിലെ ചൈനീസ് എംബസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.