ചൈനീസ് നിർമ്മിത മൊബൈൽ അപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രസർക്കാർ: മറുപടിയുടെ അടിസ്ഥാനത്തിൽ ആപ്പുകൾ ഇന്ത്യയിൽ തുടരണോയെന്ന് നിശ്ചയിക്കും

ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തെതുടർന്ന് ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷൻ ക്ക് ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 59 നിരോധിച്ച ആപ്പുകളോട് 79 ചോദ്യവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ 22 നകം ഈ ചോദ്യങ്ങൾക്ക് ചൈന മറുപടി നൽകിയില്ലെങ്കിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം സ്ഥിരമാകുമെന്നും കേന്ദ്രം വെളിപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്.

ചൈനയിൽ നിന്നുമുള്ള മൊബൈൽ ആപ്പുകൾ സംബന്ധിച്ചുള്ള 79 ചോദ്യങ്ങളുടെ മറുപടി ലഭിച്ചാൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ സ്വീകരിച്ചിട്ടുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തു നോക്കുകയും ശേഷം സർക്കാർ തീരുമാനത്തിൽ എത്തിച്ചേരുകയും ചെയ്യും. ഉപഭോക്താക്കളുടെ ഡേറ്റ അനുവാദമില്ലാതെ കൈകാര്യം ചെയ്യുന്നുണ്ടോയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഡേറ്റകൾ ദുർവിനിയോഗം ചെയ്യുന്നുണ്ടോ തുടങ്ങിയ 79 ചോദ്യങ്ങളാണ് കേന്ദ്രസർക്കാർ മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ചോദ്യങ്ങളുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനമാകുക.