മുതുകുളം : യുവാവിനെ ഭാര്യവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഷ്കറിനെയാണ് മുതുകുളത്തെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട മുതുകുളം സ്വദേശിയായ യുവതിയും അഷ്‌കറും തമ്മിലുള്ള വിവാഹം ആറു മാസം മുൻപാണ് നടന്നത്. എറണാകുളത്ത് വച്ചായിരുന്നു വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം എറണാകുളത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും മൂന്ന് മാസം മുൻപാണ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ വീട്ടിൽ താമസമാക്കിയതിന് പിന്നാലെ അഷ്‌കർ മുതുകുളത്തുള്ള കച്ചവട സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് അഷ്കറിനെ വീടിന് പുറകിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെയാണ് മൃദദേഹം കണ്ടതെന്ന് യുവതിയുടെ ‘അമ്മ പോലീസിൽ മൊഴി നൽകി. പുകവലിക്കുന്ന ശീലമുള്ള ആളാണ് അഷ്‌കർ എന്നും പുകവലിക്കാൻ വേണ്ടിയാണ് അഷ്‌കർ വീടിന്റെ പുറക് വശത്തുള്ള മുറിയിൽ പോയതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അഷ്കറിന്റെ കുടുംബം രംഗത്തെത്തി. അഷ്കറിന്റെ മൃദദേഹത്തിൽ പാടുകൾ ഉണ്ടെന്നും, ജനനേന്ദ്രിയത്തിലും തുടകളിലും രക്തക്കറ ഉണ്ടെന്നും കുടുംബം പറയുന്നു. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.