ജയിലിൽ കഴിയുന്ന ഭർത്താവിനെ പുറത്തിറക്കാം എന്ന വ്യാജേന അടുപ്പം നടിച്ച് വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ കേസ്

പോലിസ് കേസിൽ പെട്ട് ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിൽ ഇറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചു പണം കൈക്കലാക്കുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്ന ഭർതൃമതിയുടെ പരാതിയിൽ സി പി എം പ്രവർത്തകനെതിരെ പോലീസ് കേസ് എടുത്തു. സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവറും പാർട്ടി പ്രവർത്തകനും അടൂർ പഴകുളം സ്വദേശിയുമായ ആൾക്കെതിരെയാണ് പരാതി കൊടുത്തത്. ഭർതൃമതിയുടെ ബന്ധു കൂടിയാണ് ഇയാൾ. കേസിൽപ്പെട്ടു ജയിലിൽ ആയ ഭർത്താവിനെ പുറത്തിറക്കാനായി 5ലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിരുന്നു.

കൂടാതെ സഹായിക്കാമെന്ന വ്യാജേന അടുത്ത് കൂടി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ചു പല തവണ പീഡിപ്പിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടർന്നാണ് പോലീസിനെ സമീപിച്ചത്. വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണത്തിൽ പ്രതിയും ഭാര്യയും ഒളിവിലാണെന്ന് കണ്ടെത്തി. പാർട്ടിക്ക് അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല, സംഭവം അറിഞ്ഞയുടൻ ഇരുവരെയും പുറത്താക്കിയെന്നും നേതൃത്വം അറിയിച്ചു.