ജീവിതത്തിൽ അനാഥയായി തീർന്ന സമയത്തു തുണ ആയത് അച്ഛന്റെ പ്രായമുള്ള ഒരാളായിരുന്നു, വിവാഹിതനും സമ്പന്നനും ആയ അയാൾ മരണപ്പെടും വരെ പൊന്നു പോലെ നോക്കി; കല മോഹൻ എഴുതുന്നു

തന്റെ മുൻപിൽ എല്ലാം നഷ്ടപ്പെട്ട് വിഷമതയോടെ വന്ന ഒരു യുവതിയുടെ ജീവിതത്തെ കുറിച്ചാണ് സൈക്കോളജിസ്റ്റായ കലാ മോഹൻ എഴുതുന്നത്. ജീവിതത്തിൽ അനാഥയായ സമയത്ത് തുണയായത് അച്ഛന്റെ പ്രായമുള്ള ഒരാളായിരുന്നു. വിവാഹിതനും സമ്പന്നനുമായ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം താൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും താമസിച്ചിരുന്ന വാടകവീട് പോലും ഒഴിഞ്ഞു മാറേണ്ടി വന്നെന്നും ആ സ്ത്രീ പറഞ്ഞു. കലാ മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

THE concubine..! (വെപ്പാട്ടി) പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ദിവസങ്ങൾ.. കണ്ടു മറന്ന ഓരോ മുഖങ്ങളെയും വെറുതെ ഓർത്തെടുക്കാൻ ശ്രമിച്ചു.. ജീവിതത്തിലെ വല്ലാത്ത പ്രതിസന്ധിയിൽ, കിടപ്പാടം പോലും ഇല്ലാതായ ഒരു സ്ത്രീ ഒരിക്കൽ എന്നെ തേടി വന്നിരുന്നു.. ഞാനന്ന് ഫ്ലാറ്റിൽ താമസം ആയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു.. അത്രയും അത്യാവശ്യം ആയ കാര്യമെന്ന് പറഞ്ഞത് കൊണ്ട് വരാൻ പറഞ്ഞു.. നാളെ, അവര് ഒരു അനാഥാലയത്തിൽ മാറുക ആണ്.. അന്നങ്ങനെ ആണ് പറഞ്ഞത്.. അന്നത്തിനു വകയില്ല, കിടപ്പടവുമില്ല.. ജീവിതത്തിൽ അനാഥയായി തീർന്ന സമയത്തു തുണ ആയത് അച്ഛന്റെ പ്രായമുള്ള ഒരാളായിരുന്നു.. വിവാഹിതനും സമ്പന്നനും ആയ അയാൾ മരണപ്പെടും വരെ പൊന്നു പോലെ നോക്കി..

പെട്ടന്നുണ്ടായ അയാളുടെ മരണം, താമസിക്കുന്ന വാടക വീട് ഉൾപ്പടെ ഇറങ്ങി കൊടുക്കേണ്ട ഗതിയിൽ ആയി..
വാല്യക്കാരിയെ വരെ വെച്ചു പൊന്നു പോലെ എന്നെ കൊണ്ട് നടന്നു.. പക്ഷെ, ഇപ്പോൾ.. ഒരു തുണ്ട് ഭൂമി എങ്കിലും നിങ്ങൾക്ക് അയാളിൽ നിന്നും വാങ്ങിക്കൂടായിരുന്നോ? ചോദിക്കാതിരിക്കാൻ ആയില്ല.. ഗർഭിണി ആയതാണ്, പക്ഷെ, അദ്ദേഹം അതാഗ്രഹിച്ചിരുന്നില്ല… അല്ലേൽ അങ്ങനെ ഒരു അവകാശം എങ്കിലും കിട്ടിയേനെ… ഞാൻ മാത്രമായിരുന്നില്ല, ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു.. ഭാര്യ യ്ക്കും അറിയാമായിരുന്നു ഞങ്ങളുടെ ബന്ധം.. അവർ അദേഹത്തിന്റെ പണം മാത്രമാണ് സ്നേഹിച്ചത്.. മറ്റു ബന്ധങ്ങൾ പോലും കണ്മുന്നിൽ കണ്ടിട്ടും ഞാൻ നിസ്സഹായ ആയിരുന്നു.. നിന്നെ പൊന്നു പോലെ നോക്കുന്നില്ലേ എന്നായിരുന്നു ചോദ്യം.. !

എവിടെ നിന്നോ വന്നു സ്വന്തം കഥ പറഞ്ഞു എങ്ങോട്ടോ പോയ ആ സ്ത്രീയുടെ പേര് ഞാൻ മറന്നു..
ഇന്ന് ഞാൻ അവരെ കുറച്ചു ഒരുപാട് ഓർത്തു.. ആ മനുഷ്യൻ ചെയ്ത ഒരേ ഒരു പുണ്യം എന്നത് അവരെ പഠിപ്പിച്ചു എന്നത് മാത്രമാണ്.. പക്ഷെ ജോലിക്ക് വിട്ടിരുന്നില്ല.. സമൂഹത്തിൽ ഇങ്ങനെ ജീവിക്കുന്നവർക്ക്, വെപ്പാട്ടി എന്നൊരു ഓമന പേരുണ്ട്.. വിളിപെണ്ണിനും വെപ്പാട്ടിയ്ക്കും ഒരേ വില തന്നെയാണ്, അല്ലേൽ വേശ്യ എന്ന സ്ഥാനം ഒരുപടി മേലെ ആണെന്ന് പറയാം.. കുടുംബം ഉള്ള ഒരാളുടെ ജീവിതത്തിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നവരെക്കാൾ വിളിപെണ്ണിന് യോഗ്യത സമൂഹത്തിൽ ഉണ്ട്.. ഇനി എന്താണ് എന്റെ ജീവിതം എന്നറിയില്ല,എല്ലാം ശെരി ആയിട്ട് ഞാൻ മാഡത്തിനെ കാണാൻ വരുമെന്ന് പറഞ്ഞു പോയ അവർ,
എവിടെ, എന്നറിയില്ല..

ആലംബമറ്റ ആ പെണ്ണിനെ സഹായിക്കാൻ ഇനിയൊരു പുരുഷൻ വരുന്നു എങ്കിൽ അവനും അവളെ എങ്ങനെ ഉപയോഗിക്കും എന്ന് അറിയാം. വിദ്യാഭ്യാസം ഉണ്ടല്ലോ, ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞാണ് ഞാൻ യാത്ര അയച്ചത്… സമൂഹത്തിൽ ഒറ്റ ആയി നിൽക്കുന്ന മജ്ജയും മാംസവുമുള്ള ഏത് സ്ത്രീയെയും ഭാര്യ അല്ലാതെ, കാമുകി അല്ലാതെ, കൂട്ടുകാരി അല്ലാതെ, വെറുതെ ഭോഗിക്കാൻ ഒട്ടനവധി പകൽമാന്യന്മാർ മുന്നോട്ട് വരും.. അതവരുടെ രക്തത്തിന്റെ ദൂഷ്യം, ചതി കുഴിയിൽ
വീഴാതെ നോക്കേണ്ടത് സ്ത്രീകളുടെ മിടുക്ക്… പണം ഊറ്റി എടുക്കാൻ എല്ലാ പെണ്ണുങ്ങളും നിൽക്കില്ല എന്ന് മേല്പറഞ്ഞ കഥയിൽ നിന്നും മനസ്സിലായില്ലേ.. കൈനനയാതെ മീൻപിടിക്കാൻ അറിയുന്ന മുതലാളിമാർ അവരെ കൊതി തീരുംവരെ ആസ്വദിക്കും…

സ്ത്രീ എന്ന നിലയിൽ അവളനുഭവിക്കുന്ന ദൈന്യതയും നിസ്സഹായതയും ചൂഷണം ചെയ്തു അവളോട്‌ യാതൊരു നീതിയും കാണിക്കാതെ, ശരീരത്തിന്റെ കൊഴുപ്പ് മുഴുവൻ ഊറ്റി എടുത്തു ഒരു നാൾ ചണ്ടി ആക്കി വലിച്ചെറിയും.. അമ്മയും പെങ്ങളും പെൺമക്കളും ഉള്ളവൻ തന്നെയാകും അവനും.. എന്നിട്ടും സ്ത്രീത്വത്തിനു ഇത്രയും ചവിട്ടിതേപ്പ്.. എല്ലാ സുഖങ്ങളോടും വർഷങ്ങൾ ജീവിച്ചു എങ്കിലും പുറം ലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു.. അദ്ദേഹം പറയുന്നത് മാത്രമായിരുന്നു തന്റെ ശെരി… പെട്ടന്ന് ഒരുനാൾ, അയാൾ പോയില്ലേ… ഭാര്യയുള്ള അയാൾ അണിയിച്ച താലിയിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറയുമ്പോൾ, അന്നും ഇന്നും നാളെയും ആ കൊച്ചു സ്വർണ്ണം കൊണ്ട് അവൾക്കു ഒരു അവകാശവും ഇല്ലല്ലോ എന്ന് ഞാൻ ഓർത്തു…
ജീവിക്കാൻ മറന്നു പോയ സ്ത്രീ.. എവിടെ ആണെങ്കിലും, അവൾ സുഖമായി ഇരിക്കട്ടെ….
കല, കൗൺസലിംഗ് സൈക്കോളജിസ്റ്