കൊല്ലം അഞ്ചലിൽ ഭർത്താവ് സൂരജ് ഭാര്യയായ ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊ-ലപ്പെടുത്തിയ സംഭവം കേരളക്കരയെയാകെ ഞെട്ടിച്ച സംഭവമാണ്. അവളെ ജീവിതത്തിലേക്ക് സ്നേഹത്തോടെ ചേർത്തുപിടിക്കേണ്ടയാൾ തന്നെ ആ കൊ-ടുംപാതുകം ചെയ്തതെന്ന് അറിയുമ്പോൾ അതിലേറെ വിഷമം ഉണ്ടാകും ഉത്രയുടെ മാതാപിതാക്കൾക്ക്. ഇപ്പോളിതാ അത്തരത്തിൽ നടന്ന മറ്റൊരു സംഭവവും വളരെയധികം ഞെട്ടൽ ഉണ്ടാക്കുന്ന വിഷയമാണ്. അമേരിക്കയിൽവെച്ച് ഭർത്താവ് ഭാര്യയെ 17 തവണ കത്തിയ്ക്ക് കുത്തുകയും ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി കൊ-ല്ലുകയും ചെയ്ത സംഭവം. ഇത്തരത്തിൽ ഇന്ന് സമൂഹത്തിൽ വർധിച്ചു വരുന്ന കാര്യങ്ങളെ മുന്നിർത്തികൊണ്ട് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ ആകർഷിക്കുകയാണ്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…
ഇവിടെ കേരളത്തിൽ ഒരു പെൺകുട്ടിയെ അവളെ ജീവിതത്തിലേക്ക് ചേർത്തു നിർത്തേണ്ടവൻ ഒരു പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊ-ന്നു. അന്ന് മുതൽ ഇന്ന് വരെ ആ മാതാപിതാക്കൾ പഴി കേൾക്കുന്നു. സംശയമില്ല, അവരുടെ ഭാഗത്തും തെറ്റുണ്ട്.ഇപ്പോൾ അമേരിക്കയിൽ ഒരു പെൺകുട്ടി ഭർത്താവിന്റെ ആവർത്തിച്ചുള്ള
കുത്തേറ്റ് മരി-ക്കുന്നു. അത് തിരിച്ചും മറിച്ചുമിട്ട് ‘റോസ്റ്റിംഗ് വീഡിയോ’ കണക്ക് അവലോകനം ഇറക്കുന്ന കുറേ പേര്. അതും പോരാഞ്ഞിട്ട് ആ ട്രോമയിൽ നിന്ന് തന്നെ രക്ഷപ്പെട്ടിട്ടില്ലാത്ത കുടുംബത്തെക്കുറിച്ചും ആവർത്തിച്ചുള്ള ചർച്ചകളുണ്ട്. ഇവിടെയും തീർച്ചയായും ഇരുവശവും കറ പുരണ്ടതാണ്. രണ്ടിടത്തും ആ പെൺകുട്ടി ‘സഹിക്കുന്നു’ എന്ന് കണ്ട ആദ്യഘട്ടത്തിലേ തിരിച്ച് കൊണ്ടു വരേണ്ടതായിരുന്നു. മക്കളുടെ ജീവനേക്കാൾ വലുതല്ലല്ലോ മാനാഭിമാനം. എന്നാൽ അങ്ങോട്ട് ചൂണ്ടുന്ന ഒരൊറ്റ വിരലിനെതിരെ നമുക്ക് നേരെ നിൽക്കുന്ന നാല് വിരലുകളിലേക്ക് ഒന്ന് നോക്കാം…
വിവാഹിതയായ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു. അവൾക്കുള്ളത് ശരീരത്തിലെ കാണുന്ന മുറിവുകളോ മനസ്സിലെ കാണാത്ത മുറിവുകളോ ആയിക്കോട്ടെ, വിവാഹം കഴിഞ്ഞ് പോയ പെണ്ണ് സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നത് നാണക്കേടെന്ന് കരുതുന്ന പൊതുബോധം അവളെ കാണുന്നത് എങ്ങനെയാണ്? ‘ശരി’ എപ്പോഴും ആണിന്റേതും സഹിക്കേണ്ടവൾ പെണ്ണുമാകുന്ന ചിന്താഗതിക്ക് ഇപ്പോഴും മാറ്റമുണ്ടോ? കല്യാണം കഴിച്ച് വിടുമ്പോൾ അവന് വിറ്റ് തിന്നാൻ കഴുത്ത് നിറയെ കൊത്തിമിനുക്കിയ ചങ്ങലകളും അവൾക്ക് യാത്ര ചെയ്യാൻ കാറും വേറെ വല്ലതുമുണ്ടെങ്കിൽ അതും കൊടുത്ത് വിട്ടിട്ട് അവൾക്ക് സ്വന്തം അച്ഛൻ ഊർദ്ധശ്വാസം വലിച്ച് കിടന്നാൽ വരെ ഒന്ന് പോയി നോക്കാൻ അവൻ എതിര് നിന്നാൽ അതും ‘ശരി’ !! ഈ രീതിക്ക് ഇപ്പോൾ വല്ല വ്യത്യാസവും?
അവൾ പിറന്ന നാൾ തൊട്ട് വളർത്തി പഠിപ്പിച്ച് ജോലിയുമാക്കി അവളെ ഇണയുടെ കൈയിൽ വെച്ച് കൊടുത്ത നേരം വരെ ‘കണ്ണേ, കരളേ’ എന്ന് പറഞ്ഞ് വളർത്തിയ രക്ഷിതാക്കൾക്ക് അവളുടെ ശമ്പളത്തിൽ നിന്ന് ചില്ലിക്കാശ് കൊടുക്കണമെങ്കിൽ അവന്റെയും കുടുംബത്തിന്റെയും NOC കിട്ടണമെന്ന അലിഖിതനിയമം ഇന്നും പലയിടത്തുമില്ലേ? ഇനി അവൾ മോഹിച്ച് നേടിയ ജോലി “നീ ജോലി ചെയ്തിട്ട് വേണ്ട ഇവിടെ തറവാട് കഴിയാൻ” എന്ന ഒറ്റവാക്കിൽ വിറകടുപ്പിലേക്ക് പറന്ന് വീഴുന്നതിൽ ആർക്കും തെറ്റൊന്നും തോന്നാറില്ലല്ലോ?
അവന് തോന്നിയയിടമെല്ലാം തോന്നുന്നത്ര സമയം തെണ്ടാമെന്നും ഭാര്യക്ക് തൊട്ടടുത്തുള്ള ടൗണിൽ പോകാൻ വിദേശത്തുള്ള ഭർത്താവിനെ വിളിച്ച് സമ്മതം ചോദിക്കണമെന്നതും ശരിയെന്ന് തോന്നുന്നവരുമിത് വായിക്കുന്നില്ലേ? ആശുപത്രിയിൽ മകന്റെ മുറിവ് തുന്നാൻ സമ്മതം നൽകാൻ, കുഞ്ഞിന്റെ രക്ഷിതാവിന്റെ നമ്പറായി അങ്ങ് ദൂരെയുള്ള ഭർത്താവിന്റെ ഫോൺ നമ്പർ തരുന്ന, സ്വന്തം പേരിനെയും നമ്പറിനെയും അഡ്രസിനെയും വ്യക്തിത്വത്തെയും പോലും ഭയക്കുന്നവരില്ലേ?
നിഴലിന്റെ വില പോലുമില്ലാതെ, ജീവിച്ചുവെന്നതിന് യാതൊരു അടയാളവുമില്ലാതെ നീറിയൊടുങ്ങുന്ന അനേകമനേകം പെണ്ണില്ലേ? പിന്നെയെന്തിന് എങ്ങോ ഉള്ള ഏതോ രണ്ടാണിനെയോർത്ത് വികാരം കൊള്ളുന്നു? പെണ്ണിനെ ഉപദ്രവിക്കുന്ന പെണ്ണും ചർച്ചയാവുന്നില്ലല്ലോ… ‘ഉപദ്രവിക്കപ്പെടുന്നവൾ’ എന്നത് പോലും നാല് ദിവസത്തെ ഹെഡ്ലൈൻ മാത്രം. അവളെ തളയ്ക്കുന്ന, തഴയുന്ന വ്യവസ്ഥിതി ചർച്ചയാവുന്നില്ലല്ലോ…
എല്ലാ കാലത്തും വെള്ളത്തിന് മീതെയുള്ള ചേറ് അരിച്ചു കൊണ്ടിരുന്നിട്ട് കാര്യമില്ല. കലങ്ങുമ്പോൾ പിന്നെയും ഉള്ളിലെ അഴുക്ക് പതഞ്ഞ് പൊങ്ങി വരും. അതാണിപ്പോൾ സംഭവിച്ച് കൊണ്ടേയിരിക്കുന്നത്.
അന്യന്റെ സ്വകാര്യ ജീവിതം തോണ്ടിക്കളിക്കുന്ന നേരം സ്വന്തം വീട്ടിലുള്ളോർക്ക് വല്ലതും നേരത്തിന് കിട്ടുന്നുണ്ടോ എന്ന് കൂടി നോക്കണേ… കുറേ ചർച്ചക്കാര് വന്നേക്കുന്നു !!