ഞങ്ങൾ വിദേശത്ത് നിന്നും വന്നവരാണ്: ആരും ഇങ്ങോട്ട് വരരുത്, മാതൃകയായി ദമ്പതികൾ

ഖത്തറിൽ നിന്നും അഞ്ചു ദിവസം മുൻപ് നാട്ടിലെത്തിയ കുറ്റ്യാടി കായക്കൊടി സ്വദേശിയായ അബ്ദുൽ നസീറിന്റെ വീടിന്റെ ചുവരിൽ പതിച്ചിരിക്കുന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെ പാലിക്കാൻ മടിക്കുന്നവരുള്ള കേരളത്തിൽ മറ്റുള്ളവർക്ക് മാതൃകയാണ് ഇവരുടെ പ്രവർത്തി. ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കൂടിയായ വി കെ അബ്ദുൽ നസീറും ഭാര്യയും കഴിഞ്ഞ ദിവസമാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് ഇവരെ അയല്വാസികളോ ബന്ധുക്കളോ ആരും തന്നെ കണ്ടതുമില്ല.

ഇവർ വന്നതറിഞ്ഞു കാണാൻ വീട്ടിലെത്തിയവർക്ക് വെളിയിൽ പതിച്ച പോസ്റ്റർ കണ്ട് കൗതുകം തോന്നുകയായിരുന്നു. ആരും ഇങ്ങോട്ട് വരരുത്… ഞങ്ങൾ ഗൾഫിൽ നിന്നും വന്നതാണ്. മാർച്ച്‌ 31 വരെ സന്ദർശകരെ സ്വീകരിക്കുന്നതല്ല… എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. കൂടാതെ വീട്ടിലോട്ട് വരുന്നത് തടയാനായി വരാന്തയിൽ വേലിയും കെട്ടിയിട്ടുണ്ട്. അയൽവാസികളെയോ ബന്ധുക്കളെയോ ആരെയും തന്നെ വീട്ടിലേക്ക് കയറ്റാറില്ല. ഭക്ഷണം പോലെയുള്ള അവശ്യ സാധനങ്ങൾ വേണമെങ്കിൽ ബന്ധുക്കളെ അറിയിക്കുകയും അവർ വീടിന്റെ പരിസരത്തു കൊണ്ട് വെച്ചിട്ട് പോകുകയും ചെയ്യും. അബ്ദുൽ നസീറിന്റെ മാതൃകാ പരമായ പ്രവർത്തിയെ സമൂഹ മാധ്യമങ്ങൾ വഴി നിരവധി ആളുകളാണ് അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.