ലണ്ടൻ: പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റ ആസ്ഥാനം ചൈനയിൽ നിന്നുംമാറ്റി ലണ്ടനിലേക്ക് ആക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ യുകെ സർക്കാരുമായി ടിക് ടോക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ച നടത്തി വരികയാണെന്നാണ് ലഭിക്കുന്ന വിവരം. ടിക് ടോക്കിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നതിനുവേണ്ടി ലണ്ടൻ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലം പരിഗണിക്കാനാണ് തീരുമാനം.
നിലവിൽ ടിക് ടോക് ചൈന ആസ്ഥാനമായി ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥയിലാണ്. ഈ വർഷം ആദ്യത്തോടെയാണ് കാലിഫോർണിയയിലെ ലോസഞ്ചലിലേക്ക് മാറിയത്. വാൾട്ട് ഡിസ്നിയുടെ എക്സിക്യൂട്ടീവായ കെവിൻ മേയറെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ചുകൊണ്ട് വിപുലീകരിക്കുന്നതിനും വേണ്ടിയുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ടിക്ടോക് ഉപഭോക്താക്കളുടെ 30 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ഇന്ത്യയിലെ ടിക് ടോക് നിരോധനം വലിയ രീതിയിലുള്ള അടിയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
ഇന്ത്യക്ക് പിന്നാലെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും ടിക്ടോക്ക് അടക്കമുള്ള ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇതിനെ തുടർന്നാണ് ചൈനയ്ക്കു പുറമെ മറ്റു രാജ്യങ്ങളിലും ഓഫീസുകൾ നിർമ്മിച്ച് ജീവനക്കാരെ വച്ചുകൊണ്ട് ടിക് ടോക് കമ്പനികളുടെ പ്രവർത്തനം നടത്തുന്നതിനുവേണ്ടി ഒരുങ്ങുന്നത്.