ട്രംപ് എത്താനിരിക്കെ ഡൽഹിയിൽ വൻസംഘർഷവും തീവെപ്പും: പോലീസുകാരൻ കൊല്ലപ്പെട്ടു

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹി സന്ദർശനത്തിന് എത്താനിരിക്കെ ഡൽഹിയിൽ വൻ അക്രമവും തീവെപ്പും. ഡൽഹിയിലെ മൗജ്പുർ, ഭജൻപുര, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘർഷം ഉടലെടുത്തത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരി തിരിഞ്ഞു ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ കത്തിക്കുകയും ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തു. ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം വെടിവെയ്പ്പ് നടത്തുകയും ചെയ്തു. ആക്രമണത്തിൽ രണ്ടു വീടുകൾ കത്തിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. തീ അണയ്ക്കാൻ എത്തിയ അഗ്‌നി ശമനസേനയുടെ വാഹനത്തിനു നേരെയും അക്രമികൾ കല്ലേറ് നടത്തി.

സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ സംഘർഷം ഉടലെടുത്തിരുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ചു നടത്തിയ റാലിയ്ക്ക് നേരെ അക്രമികൾ കല്ലേറ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ അക്രമണമെന്നാണ് കരുതുന്നത്.