ഡാമുകൾ ഒന്നിച്ച് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനാലാണ് 2018 ൽ പ്രളയമുണ്ടായതെന്നുള്ള കാര്യം മനസ്സിലാക്കാൻ രണ്ടു വർഷമെടുത്തെന്ന് വി.ഡി സതീശൻ

2018 ലേതുപോലെതന്നെ മഹാപ്രളയത്തിന് സമാനമായ രീതിയിൽ തന്നെയുള്ള കാലവർഷമാണ് സംസ്ഥാനം കഴിഞ്ഞ കുറച്ചു ദിവസമായി സാക്ഷ്യംവഹിച്ചത്. ഈമാസം ലഭിക്കേണ്ടതിലധികം മഴ 10 ദിവസംകൊണ്ട് സംസ്ഥാനത്തിന് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. എന്നാൽ പ്രളയ സാഹചര്യം കണക്കിലെടുത്തുകൊണ്ട് വേണ്ടവിധത്തിലുള്ള മുന്നേറ്റങ്ങൾ സർക്കാർ ഇക്കുറി ഏർപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. ഫലപ്രദമായ രീതിയിലുള്ള ഡാം മാനേജ്മെന്റ് നടത്തിയത് കൊണ്ടാണ് മഹാപ്രളയം ഉണ്ടാകാതെ പ്രളയത്തെ തടഞ്ഞുനിർത്തിയതെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2018 ൽ വേണ്ടവിധത്തിലുള്ള വിധത്തിലുള്ള ഡാം മാനേജ്മെന്റ് ഉണ്ടാകാതിരുന്നതിനാലാണ് മഹാപ്രളയത്തിലേക്ക് എത്തിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് വക്താവ് വിഡി സതീശൻ രംഗത്തെത്തിയിരിക്കുകയാണ്.

നദികളിൽ വെള്ളമില്ലാത്ത സമയത്ത് ഡാമുകളിൽ നിന്ന് കൃത്യമായി വെള്ളം തുറന്നു വിട്ടും, നദികളിൽ വെള്ളമുള്ള സമയത്ത് ഡാമുകളിൽ വെള്ളം ശേഖരിച്ചും ഡാം മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ് ഇപ്രാവശ്യം പ്രളയം തടുത്തു നിർത്താൻ കഴിഞ്ഞതെന്ന് കെ എസ് ഇ ബി. 2018 ൽ ഇതൊന്നും ചെയ്യാതെ (ജൂണിലും ജൂലൈയിലും ധാരാളം മഴ പെയ്ത് നദികൾ നിറഞ്ഞു കവിഞ്ഞു കിടന്നപ്പോഴും ) എല്ലാ ഡാമുകളും ഒരുമിച്ച് മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതു കൊണ്ടുണ്ടായ മനുഷ്യനിർമ്മിത പ്രളയമാണ് ഉണ്ടായതെന്നതിന് ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ. മനസ്സിലാകാൻ രണ്ടു വർഷമെടുത്തു.