ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഘത്തിൽ വനിതയും

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. കൊലക്കേസിലെ പ്രതികളായ സനലിനെയും സജീവനെയും രക്ഷപ്പെടുന്നതിനായി ശ്രമിച്ച വനിതയെയാണ് വെള്ളറടയിൽനിന്നും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് കോൺഗ്രസ് പ്രവർത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നജീബ്, സതി, അജിത്ത്, ഷജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

പ്രതികളെ സഹായിച്ചതിലും ഗൂഡാലോചനയിലും ഇവർക്ക് പങ്കുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ സനലിന്റെയും സജീവിന്റെയും അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ തെമ്പാമൂട് വെച്ച് തടയുകയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ മുഹമ്മദ്, ഹഖ് മിഥിലാജ് എന്നിവരാണ് കൊലപാതകത്തിന് ഇരയായത്.