ഡൽഹിയിൽ കലാപം നടത്താനായി ആയുധങ്ങൾ നേരെത്തെ തന്നെ തയ്യാറാക്കിയിരുന്നു: തെളിവുകളുമായി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

ഡൽഹിയിൽ നടന്ന കലാപത്തിൽ ആയുധങ്ങൾ നേരെത്തെ തന്നെ കരുതി കൂട്ടി വെച്ചിരുന്നുവെന്ന് തെളിവുകൾ ചൂണ്ടികാട്ടി എഴുതിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ റെജികുമാർ. അല്പം ക്ഷമയോടെ വായിക്കണമെന്നും രാഹുൽ ഈശ്വർ പറയുന്നത് പോലെ രണ്ടു പോയിന്റ് അഞ്ചു സെക്കൻഡ് ലൈൻ അല്ല, 60 സെക്കന്റ്‌ തന്നെ വേണം വായിക്കാനെന്ന തലക്കെട്ടോട് കൂടിയാണ് കുറിപ്പ്.

അൽപം ക്ഷമയോടെ വായിക്കണം. രാഹുൽ ഈശ്വർ പറയുന്നതുപോലെ ”രണ്ടു പോയിന്‍റ്, അഞ്ചു സെക്കൻഡ്” ലൈൻ അല്ല. 60 സെക്കൻഡ് തന്നെ വേണം.

പിടിച്ചെടുത്തത് (ഇപ്പോഴല്ല): 12 പിസ്റ്റളുകൾ, 150 റൗണ്ട് വെടിയുണ്ടകൾ, 120 അലാം ക്ലോക്കുകൾ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡുകൾ, ബോംബ് ഉണ്ടാക്കാനുള്ള 25 കിലോ പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, സൾഫർ പേസ്റ്റ്, പഞ്ചസാര, രാസപദാർഥങ്ങൾ. ക്ലോക്കുകളും ഫോണുകളും സിം കാർഡുകളും ടൈം ബോംബുകൾ ഉണ്ടാക്കാനുള്ളവ. പിന്നെ എണ്ണമറ്റ ലാപ്ടോപ്പുകളും മെമ്മറി കാർഡുകളും. ഒപ്പം, ഏഴരലക്ഷം രൂപയുടെ കറൻസികളും.

▪️ സംഭവം നടന്നത് ഡിസംബർ 26ന്.
എവിടെ? ഡൽഹി ജഫ്രാബാദ്, സീലാംപുർ, യുപി-ഡൽഹി അതിർത്തികൾ എന്നിവിടങ്ങളിൽ.
എൻഐഎ, ഡൽഹി പൊലീസ്, യുപി പൊലീസ് എന്നിവരുടെ സംയുക്ത തെരച്ചിലിലാണ് ഇത്രയേറെ മാരകമായ വസ്തുക്കൾ കണ്ടെടുത്തത്. (വാർത്ത വിശദമായി ഹിന്ദുസ്ഥാൻ ടൈംസിലും മറ്റും കിടപ്പുണ്ട്).

ഇനി ഇത്തിരി കൂടി പിന്നിലേക്കു പോകാം. മുഹമ്മദ് ഫൈസ് എന്നയാളെ എൻഐഎ ജഫ്രാബാദിൽ നിന്ന് അറസ്റ്റ് ചെയ്യുന്നു. ഹർക്കത്ത്-ഉൽ-ഹർബ്-ഇ-ഇസ്ലാം എന്ന ഐഎസ്ഐഎസ് അനുകൂല സംഘടനയുടെ ആളാണിയാൾ. ജഫ്രാബാദ്, സീലാംപുർ മേഖലയിൽ വലിയൊരു ഭീകര ഗ്രൂപ്പിനെത്തന്നെ സൃഷ്ടിച്ചെടുത്ത സംഘത്തിലെ അംഗം. ഇവർ വലിയ ഭീകരാക്രമണങ്ങൾക്കായി കോപ്പുകൾ കൂട്ടിവരികയായിരുന്നു. മുഫ്തി മുഹമ്മദ് അഥവാ സുഹയ് എന്ന സ്വയം പ്രഖ്യാപിത അമീർ ആയിരുന്നു ഈ മേഖലയിലെ നായകൻ. ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയൊക്കെ ഈ സംഘം സംഭരിച്ചുവച്ചു. ആ പ്രദേശത്തു വലിയൊരു നിഗൂഢ സംഘത്തെ സൃഷ്ടിച്ചെടുത്തു. അവിടെ രഹസ്യമായി ഇതൊക്കെ ഒരുക്കിക്കൊണ്ടിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണത്തിനു വലിയ തയാറെടുപ്പുകളാണ് ഇവർ നടത്തിവന്നത്.

▪️ ഈ കണ്ടെത്തൽ ഏപ്രിൽ 23ന്. (വാർത്ത വിശദമായി എഎൻഐ അടക്കമുള്ള ഏജൻസികളിലും ഇംഗ്ലീഷ് പത്രങ്ങളുടെ ഓൺലൈൻ സൈറ്റുകളിലും ഇപ്പോഴും കിടപ്പുണ്ട്).

ഇനി കാര്യത്തിലേക്കു വരാം. ഇപ്പോൾ കലാപമുണ്ടായത് എവിടെയാണ്? വടക്കുകിഴക്കൻ ഡൽഹിയിൽ. അതാരംഭിച്ചത് എവിടെയാണ്? ജഫ്രാബാദ് മെട്രൊ സ്റ്റേഷനു സമീപത്തും സീലാംപുരിലും. വെടിയുണ്ടകളേറ്റാണ് ഏറ്റവുമധികം മരണം. പരുക്കേറ്റവരിൽ മിക്കവർക്കും വെടിയേറ്റിട്ടുണ്ട്. അതായത് കൈത്തോക്കുകൾ വ്യാപകമായി അക്രമികൾ ഉപയോഗിച്ചിരിക്കുന്നു. ബോംബുകൾ വ്യാപകമായി പൊട്ടിയിരിക്കുന്നു.
ഷഹീൻ ബാഗിൽ നിന്ന് പൗരത്വ സമരം എന്തുകൊണ്ടാണ് ഈ അക്രമിക്കൂട്ടം ജഫ്രാബാദിലേക്കു മാറ്റിയത് എന്നതിനു കൂടുതൽ തെളിവൊന്നും വേണ്ടാ. അവരവിടെ സകലതും സമാഹരിച്ചു വച്ചിരിക്കുകയായിരുന്നു. പ്രദേശത്തെ ബംഗ്ലാദേശി, റോഹിംഗ്യ കുടിയേറ്റക്കാരെ പരിശീലിപ്പിച്ച് എന്തിനും ഒരുക്കി നിർത്തിയിരിക്കുകയായിരുന്നു. അതു പൗരത്വ നിയമത്തിനെതിരായ സമരത്തിനായിരുന്നില്ല. പക്ഷേ, ട്രംപ് വന്നപ്പോൾ അവർ അതെല്ലാം എടുത്ത് ഉപയോഗിച്ചു.

സംശയമുള്ളവർ വീണ്ടും ഏപ്രിലിലെയും ഡിസംബറിലെയും വാർത്തകൾ ഒന്നുകൂടി വായിക്കുക. അതായത്, രാജ്യത്തിനെതിരേ യുദ്ധം ചെയ്യാൻ വലിയ തോതിൽ ആ‍യുധങ്ങൾ സംഭരിച്ചുവച്ചിരുന്ന സ്ഥലത്താണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പെട്രോളും ആസിഡും ബോംബും തോക്കും കല്ലും കവണിയുമൊക്കെ അവർ സ്വന്തം സാമ്രാജ്യത്തിൽ നിന്ന് പുറത്തേക്ക് യഥേഷ്ടം ഉപയോഗിച്ചു.

അതായത്, ഈ കലാപത്തിലല്ലെങ്കിൽ മറ്റൊരു കലാപത്തിൽ അവർ ഇവ ഉപയോഗിക്കുമായിരുന്നു. അതല്ലെങ്കിൽ ഇവ ഉപയോഗിക്കാനായി അവർ കലാപങ്ങളും ഭീകരാക്രമണങ്ങളും സൃഷ്ടിക്കുമായിരുന്നു. പൗരത്വ നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത സമയത്താണ് ഇവർ ഈ ഒരുക്കങ്ങൾ നടത്തിവച്ചത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ചുരുക്കത്തിൽ, ഈ കലാപം അപ്രതീക്ഷിതമായി ഉണ്ടായതാണെങ്കിൽപ്പോലും അതിൽ ഉപയോഗിക്കപ്പെട്ടത് വലിയ ആയുധശേഖരമാണ്. അതിനായി നിയോഗിക്കപ്പെട്ടത് വളരെ മുൻപേ സജ്ജമാക്കിയവരെയാണ്. ഈ ആക്രമണം ഇപ്പോൾ നടന്നില്ലെങ്കിലും, പിന്നീട് എപ്പോഴെങ്കിലും വേറെയേതെങ്കിലും കാരണത്താൽ തീർച്ചയായും നടക്കുമായിരുന്നു.