തന്റെ ഭർത്താവ് നിരപരാധി: പീഡനം നടന്ന ദിവസം ഭർത്താവ് സ്കൂളിൽ പോയിട്ടില്ല, മൊബൈൽ ടവറടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാകും, ഡിജിപിയ്ക്ക് പരാതിയുമായി അദ്ധ്യാപകന്റെ ഭാര്യ

കണ്ണൂർ: പീഡനക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറസ്റ്റിലായ അദ്ധ്യാപകനെതിരെയുള്ള കേസിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ ഡി ജി പി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നൽകി. പാനൂരിലെ പാലത്തയിൽ പത്തുവൈഡുകാരിയായ കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഭർത്താവിനെതിരെ കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും കേസിലെ പ്രതിയെന്ന് പറയുന്ന പത്മരാജന്റെ ഭാര്യ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസങ്ങളിൽ തന്റെ ഭർത്താവ് സ്കൂളിൽ പോയിട്ടില്ലെന്നും മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അടക്കം പരിശോധിച്ച് നോക്കിയാൽ അക്കാര്യം മനസിലാകുമെന്നും ഭാര്യ പറഞ്ഞു.

ക്ലാസ്സ്‌ മുറിയിൽ നിന്നും വെറും രണ്ടര മീറ്റർ മാത്രം അകലമുള്ള ശുചിമുറിയിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞാൽ അത് ബാലിശമാണെന്നുള്ള കാര്യം ആർക്കും ബോധ്യപ്പെടുമെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. സംഭവത്തിൽ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം ആവശ്യമാണെന്നും പറയുന്നു. കൂടാതെ പെൺകുട്ടി മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ അകൗണ്ട് ഉപയോഗിക്കുന്നതിനാൽ അത് പരിശോധിക്കേണ്ട ആവശ്യവുമുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും നിംഹാൻസ് പോലെയുള്ള പ്രമുഖ ഹോസ്പിറ്റാലുകളിൽ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി ഉൾപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു.

നാലും മൂന്നും വയസുള്ള കുട്ടികളുടെ മാതാവാണ് താനെന്നും സത്യം പുറത്ത് കൊണ്ടുവന്നില്ലെങ്കിൽ ജീവിതം പോലും അവസാനിപ്പിക്കേണ്ട അവസ്ഥയാണെന്നും ഭാര്യ വി വി ജീജ പരാതിയിൽ പറയുന്നുണ്ട്. തന്റെ ഭർത്താവ് പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായ രീതിയിലുള്ള നിലപാട് സ്വീകരിച്ചുവെന്നും അതിന്റെ വൈരാഗ്യം എസ് ഡി പി ഐ, മുസ്ലിംലീഗ് എന്നി സംഘടനകൾക്ക് ഉണ്ടെന്നും പരാതിയിൽ പറയുന്നു. കൂടാതെ പണം നൽകി വാർത്തകൾ കൊടുത്തുകൊണ്ട് കേസിനെ അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നതായി പരാതിയിൽ പറയുന്നുണ്ട്.