സ്വർണ്ണകടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും സന്ദീപ് നായരും തമിഴ്നാട് സർക്കാരിന്റെ പാസുമായാണ് തിരുവനന്തപുരത്തു നിന്നും കടന്നത്. തമിഴ്നാട്ടിൽ നിന്ന് മഹാരാഷ്ട്രയിലേക്കാണ് സ്വപ്നം സുരേഷിന്റെ പേരിലുള്ള കെ എൽ 01 സി ജെ 1981 എന്ന നമ്പറിലുള്ള കാറിനു പാസ് ഓൺലൈൻ വഴി നേടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ച അന്നേദിവസം തന്നെ സ്വപ്നയും സന്ദീപും തിരുവനന്തപുരം വിട്ടു പോവുകയായിരുന്നു. പിറ്റേദിവസം മുതൽ തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതറിഞ്ഞതിനെ തുടർന്ന് രാത്രി വർക്കലയിലെ രഹസ്യ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. തുടർന്ന് രണ്ട് ദിവസം സ്വപ്ന കുടുംബത്തോടൊപ്പവും കൂടാതെ സന്ദീപും ഇവിടെ താമസിച്ചു.
ഇവിടെ നിന്നും പണം സംഘടിപ്പിക്കുകയും ശേഷം തമിഴ്നാട് സർക്കാരിന്റെ പേരിലുള്ള കോവിഡ് യാത്രാ പാസ്സ് സംഘടിപ്പിച്ചു കൊച്ചിയിലേക്ക് യാത്രതിരിച്ചു. ശേഷം ബാംഗ്ലൂരിലേക്കും. വർക്കലയിൽ ഇവരെ താമസിക്കുവാൻ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കൂടാതെ സ്വപ്നയും സന്ദീപും സഹായത്തിനായി ഉന്നത തലത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ടതായും സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായർക്ക് ഗുണ്ടാസംഘങ്ങൾ ഉണ്ടെന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും ബാംഗ്ലൂരിൽ എത്തിയപ്പോൾ അവരെ സഹായിക്കുന്നതിനായി ആരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിലും ഇവർക്ക് പുതിയ ഫോൺ കൈമാറിയോ എന്നുള്ള കാര്യത്തിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.