താമസിച്ച സുഹൃത്തിന്റെ വീട്ടിൽ നിന്നും സീരിയൽ നടിമാർ മോഷ്ടിച്ചത് ലക്ഷങ്ങൾ ; ക്രൈം സീരിയൽ താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ : താമസിച്ച വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷണം നടത്തിയ കേസിൽ രണ്ട് സീരിയൽ നടിമാരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ മോസിനാ മുക്താർ ഷെയ്ക്കും സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്തവയുമാണ് അറസ്റ്റിലായത്. കുറച്ച് നാളുകൾക്ക് മുൻപ് പേയിങ് ഗസ്റ്റ് ആയി താസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇരുവരും ചേർന്ന് അഞ്ച് ലക്ഷം രൂപയോളം മോഷണം നടത്തിയത്.

നിരവധി ഹിറ്റ് ക്രൈം സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് പോലീസ് പിടിയിലായത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സീരിയൽ ഷൂട്ടിംഗ് മാസങ്ങളായി നിർത്തി വച്ചിരിക്കുന്നതിനാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായും അതിനാലാണ് മോഷണം നടത്തിയതെന്നും നടിമാർ പോലീസിൽ മൊഴി നൽകി. ഇരുവരുടെയും സുഹൃത്ത് കൂടിയായ യുവതിയുടെ വീട്ടിലാണ് ഇരുവരും പേയിങ് ഗസ്റ്റായി താമസിച്ചിരുന്നത്. അതെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന യുവതിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന അഞ്ച ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.

പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതി വീട്ടുടമയ്ക്ക് പരാതി നൽകുകയും വീട്ടുടമ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സീരിയൽ നടിമാരെ അറസ്റ്റ് ചെയ്‌തത്‌. മോഷണം നടത്തിയ പണം ഇരുവരും വീതം വെച്ചെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തെ വീട്ട് വാടകയും ഇവർ മോഷണം നടത്തിയതിന് പിന്നാലെ വീട്ടുടമയ്ക്ക് നൽകിയിരുന്നു. ജോലി ഇല്ലാതെ മുടങ്ങി കിടന്ന വാടക കുടിശ നൽകിയതാണ് അന്വേഷണം ഇവരിലേക്ക് എത്തിച്ചത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കൂടാതെ ഇരുവരിൽ നിന്നുമായി രണ്ട് ലക്ഷം രൂപയോളം പോലീസ് കണ്ടെടുത്തു.