തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിലെ കരിമഠം കോളനിയിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം. ഒരു സംഘം ആളുകൾ നടത്തിയ ബൈക്ക് മത്സരത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. ബൈക്ക് ഓട്ടത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ചുകൊണ്ട് ആണ് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയത്. സംഭവത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഉന്തുംതള്ളുമുണ്ടായി. പ്രദേശത്തെ മുസ്ലിം പള്ളിക്ക് സമീപത്തായും ഫോർട്ട് പോലീസ് സ്റ്റേഷന് സമീപത്തായും ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. പോലീസ് ഇടപെട്ടതിനെ തുടർന്നാണ് ഇരുവിഭാഗങ്ങളും പിരിഞ്ഞുപോയത്.

പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്തു കൊണ്ട് കൂടുതൽ പോലീസെത്തി കരിമഠം കോളനിയിൽ ക്യാമ്പ് ചെയ്യുകയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ് കരിമഠം കോളനി. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലെ പലഭാഗങ്ങളിലായി സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.