തിരുവനന്തപുരം : പട്ടാപ്പകൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. നഗരമധ്യത്തിൽ ആളുകൾ നോക്കി നിൽക്കെയാണ് കൊലപാതകം നടന്നത്. തമ്പാനൂരിലെ ഹോട്ടൽ ജീവനക്കാരനായ അയ്യപ്പൻ (34) ആണ് കൊല്ലപ്പെട്ടത്. നാഗർകോവിൽ സ്വദേശിയായ അയ്യപ്പൻ ഒൻപത് മാസത്തോളമായി ഹോട്ടലിൽ റിസപ്ഷനിസ്റ്റായിട്ട് ജോലിചെയ്ത് വരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടടുത്താണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രതിയുടെ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറുന്ന പ്രതിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ബാഗും വെട്ടുകത്തിയുമായി ബൈക്കിലെത്തിയ യുവാവ് റിസപ്ഷനിലിരിക്കുന്ന അയ്യപ്പനെ വെട്ടുകയായിരുന്നു. ഒന്നിലധീകം തവണ വെട്ടിയ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. അയ്യപ്പനുമായുള്ള മുൻ വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.