തെറ്റ് ചെയ്യുന്നത് പിണറായി വിജയൻ അല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ ആണെങ്കിലും അത് ചൂണ്ടിക്കാണിക്കണം ; രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: തെറ്റ് ചെയ്യുന്നത് പിണറായി വിജയൻ അല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ ആണെങ്കിലും അത് ചൂണ്ടിക്കാണിക്കണം. അതാണ് മാധ്യമധർമ്മം. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇടതു സൈബർ പോരാളികൾ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപകമായി അധിക്ഷേപവും ആക്ഷേപവും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരുന്നു.

ഈ സംഭവത്തെ തുടർന്ന് മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരിക്കുന്നത്. തെറ്റ് ചെയ്യുന്നത് ദൈവമായാൽപോലും അതും റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണ് കേരളം. അവരുടെയെല്ലാം പിൻതലമുറക്കാരാണ് വിനു, അജയഘോഷ്, കമലേഷ്, ഷാനി, നിഷ, അയ്യപ്പദാസ് എന്ന് ഇവരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.