ദിവസങ്ങൾക്ക് മുൻപ് കാണാതായ ബംഗ്ലാദേശ് നടിയുടെ മൃദദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാദേശ് ചലച്ചിത്ര താരവും വ്ളോഗറുമായ റൈമ ഇസ്ലാം ഷിമുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരത്തെ കാണാതായത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ നടിയുടെ ഭർത്താവ് ഷെഖാവത്ത് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ മൃദദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി നൽകിയ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു.
അതേസമയം കൊലപ്പെടുത്താനുണ്ടായ സാഹചര്യം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഷെഖാവത്തിന് പുറമെ മൃദദേഹം ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് ഫർഹാദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.